ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരേ മുംബൈ ഇന്ത്യൻസിന് 172 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു.
മത്സരത്തിന്റെ തുടക്കത്തിൽ മുംബൈ ബൗളർമാർ രാജസ്ഥാനെ പിടിച്ചുകെട്ടുന്നതാണ് കണ്ടത്. പിന്നീട് താളം കണ്ടെത്തിയ രാജസ്ഥാനായി ഓപ്പണിങ് വിക്കറ്റിൽ ജോസ് ബട്ലറും യശ്വസി ജയ്സ്വാളും 66 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 41 റൺസെടുത്ത ബട്ലറെ പുറത്താക്കി രാഹുൽ ചാഹർ ഈ കൂട്ടുകെട്ടു പൊളിച്ചു. ബട്ലർ 32 പന്തിൽ മൂന്നു വീതം ഫോറും സിക്സും സഹിതമാണ് 41 റൺസ് നേടിയത്.
20 പന്തിൽ 32 റൺസെടുത്ത യശ്വസിയേയും രാഹുൽ ചാഹർ പുറത്താക്കി. രണ്ടു വീതം ഫോറും സിക്സും യശ്വസിയുടെ ബാറ്റിൽ നിന്ന് പിറന്നു. പിന്നീട് സഞ്ജു സാംസൺ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. 27 പന്തിൽ അഞ്ചു ഫോറിന്റെ സഹായത്തോടെ സഞ്ജു 42 റൺസ് നേടി. സഞ്ജുവിന്റെ ഈ ഇന്നിങ്സാണ് രാജസ്ഥാന്റെ സ്കോറിങ്ങിന് വേഗത കൂട്ടിയത്. 31 പന്തിൽ 35 റൺസുമായി ശിവം ദ്യൂബ സഞ്ജുവിന് പിന്തുണ നൽകി.
എന്നാൽ അവസാന ഓവറുകളിൽ രാജസ്ഥാന് വേഗത്തിൽ റൺസ് കണ്ടെത്താനായില്ല. നാല് പന്തിൽ ഏഴു റൺസെടുത്ത ഡേവിഡ് മില്ലറും ഏഴു പന്തിൽ എട്ടു റൺസെടുത്ത റിയാൻ പരേഗുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. 19-ാം ഓവറിൽ നാല് റൺസും 20-്ാം ഓവറിൽ 12 റൺസുമാണ് രാജസ്ഥാൻ കണ്ടെത്തിയത്.