FeaturedKeralaNews

IPL 2020: രാജകീയ ജയം, മുംബൈ ഇന്ത്യന്‍സിന് അഞ്ചാം ഐപിഎല്‍ കിരീടം

ദുബായ്: ജയിക്കണമെന്നുറച്ചാണ് മുംബൈ ഇന്ത്യന്‍സ് ക്രീസിലെത്തിയത്. മുട്ടിക്കളിക്കാനൊന്നും സമയമില്ല. 157 റണ്‍സ് എത്രയും വേഗം അടിച്ചെടുക്കണം. ഐപിഎല്‍ കിരീടം ഉയര്‍ത്തണം. ഒരറ്റത്ത് രോഹിത് ശര്‍മ ആഞ്ഞടിച്ചു. മറുപുറത്ത് ക്വിന്റണ്‍ ഡികോക്കും. 5 ഓവറില്‍ മുംബൈ 50 കടന്നപ്പോഴേ ഡല്‍ഹിയുടെ ആത്മവിശ്വാസം ചോര്‍ന്നു. ആദ്യ ഓവറില്‍ത്തന്നെ കഗീസോ റബാദ നിലംപരിശായി. ശ്രേയസ് അയ്യറുടെ കണക്കുകൂട്ടല്‍ തെറ്റിയതും ഇവിടെത്തന്നെ.

നോര്‍ക്കിയയും അശ്വിനും സ്‌റ്റോയിനിസുമെല്ലാം കണക്കിന് അടിവാങ്ങി. ഫലമോ, മുംബൈ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിച്ചു. ഒടുവില്‍ 8 പന്തുകള്‍ ബാക്കി നില്‍ക്കെ 5 വിക്കറ്റുകളുമായാണ് മുംബൈ ഇന്ത്യന്‍സ് രാജകീയമായി ജയിച്ചത്. നായകന്‍ രോഹിത് ശര്‍മയുടെ ഉജ്ജ്വല ഇന്നിങ്‌സ് (50 പന്തിൽ 68) മുംബൈയ്ക്ക് അഞ്ചാം ഐപിഎല്‍ കിരീടം നേടിക്കൊടുത്തു.

സ്‌കോര്‍: ഡല്‍ഹി 156/7, മുംബൈ 157/5

പവര്‍പ്ലേയില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹിയൊട്ടും പ്രതീക്ഷിച്ചില്ല മുംബൈയുടെ ഈ സമീപനം. രോഹിത്തിനെ പിടിക്കാന്‍ അശ്വിനെയാദ്യം ഇറക്കി ശ്രേയസ് അയ്യര്‍. പക്ഷെ നടന്നില്ല. ഓവറിലെ മൂന്നാം പന്തില്‍ രോഹിത്തിന്റെ വക മുംബൈയുടെ ആദ്യ സിക്‌സ് പറന്നു. റബാദയെക്കൊണ്ട് മുംബൈയെ വരിഞ്ഞുമുറുക്കുകയായിരുന്നു ഡല്‍ഹിയുടെ ‘പ്ലാന്‍ ബി’. പക്ഷെ ഡികോക്ക് ഇത് തകിടം മറിച്ചു. മൂന്നു ഫോറും ഒരു സിക്‌സുമടക്കം 18 റണ്‍സ് റബാദ വഴങ്ങിയപ്പോള്‍ ശ്രേയസ് അയ്യര്‍ പതറി.

പിന്നെ അവനാഴിയിലെ മുഴുവന്‍ ബൗളര്‍മാരെയും ഇദ്ദേഹം മാറിമാറി പരീക്ഷിച്ചു. ഇവരെല്ലാം അടിവാങ്ങിയത് മാത്രം മിച്ചം. നാലോവറില്‍ മുംബൈ സ്‌കോര്‍ 45 പിന്നിട്ടു. എന്നാല്‍ അഞ്ചാം ഓവറില്‍ സ്‌റ്റോയിനിസ് വിജയശ്രീലാളിതനായി. അപകടകാരിയായ ഡികോക്കിനെ (12 പന്തില്‍ 20) സ്റ്റോയിനിസ് പുറത്താക്കി. സ്റ്റംപിനോട് ചേര്‍ന്നെത്തിയ ഓഫ് കട്ടറിനെതിരെ ‘ലേറ്റ് കട്ട്’ കളിക്കാന്‍ പോയതാണ് ഡികോക്കിന് വിനയായത്. ശേഷമെത്തിയ സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ രണ്ടു പന്തുകളും അതിര്‍ത്തി കടത്തിയപ്പോള്‍ ഡല്‍ഹി താരങ്ങളുടെ ആവേശം വീണ്ടും കെട്ടു.

11 ആം ഓവറിലാണ് രോഹിത് – സൂര്യകുമാര്‍ കൂട്ടുകെട്ട് പൊളിയുന്നത്. അര്‍ധ സെഞ്ച്വറിക്കരികെയെത്തിയ രോഹിത്തിന് വേണ്ടി സൂര്യകുമാര്‍ യാദവ് (20 പന്തില്‍ 19) വിക്കറ്റ് ത്യജിക്കുകയായിരുന്നു. അശ്വിന്റെ ഓവറിലെ അവസാന പന്തില്‍ സിംഗിളിനായി ശ്രമിച്ച രോഹിത് മറുപുറത്ത് സൂര്യകുമാര്‍ യാദവിന്റെ മുന്നറിയിപ്പ് ശ്രദ്ധിച്ചില്ല. രോഹിത്തിന്റെ വിക്കറ്റിന് പ്രധാന്യം കല്‍പ്പിച്ച ഇദ്ദേഹം സ്വയം ബലിയാടായി. 12 ആം ഓവറില്‍ രോഹിത് 50 തികച്ചു. ഇതേ ഓവറില്‍ മുംബൈ 100 റണ്‍സും പിന്നിട്ടു. ഒരറ്റത്ത് രോഹിത് തകര്‍ത്തടിച്ചപ്പോള്‍ ഇഷന്‍ കിഷനും വെറുതെ നിന്നില്ല. ഡെത്ത് ഓവറുകള്‍ക്ക് തൊട്ടുമുന്‍പ് സ്‌റ്റോയിനിസും പ്രവീണ്‍ ദൂബെയും ഇഷന്‍ കിഷന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഇതിനിടെ 17 ആം ഓവറിൽ രോഹിത്ത് പുറത്തായി. നോർക്കിയയുടെ വേഗം കുറഞ്ഞ ബൗൺസർ കെണിയിൽ ഹിറ്റ്മാൻ (50 പന്തിൽ 68) വീഴുകയായിരുന്നു. ശേഷമെത്തിയ കീറോൺ പൊള്ളാർഡും രണ്ടു ഫോറടിച്ചു മടങ്ങി. ഒടുവിൽ ക്രുണാൽ പാണ്ഡ്യയാണ് ഇഷൻ കിഷനൊപ്പം (19 പന്തിൽ 33) ചേർന്ന് മുംബൈയുടെ ജയം ഉറപ്പാക്കിയത്. മത്സരത്തിൽ നോർക്കിയക്ക് രണ്ടു വിക്കറ്റുണ്ട്. സ്റ്റോയിനിസും റബാദയും ഓരോ വിക്കറ്റുവീതം പങ്കിട്ടു.

ഡൽഹിയുടെ പോരാട്ടം

‘കരയ്ക്കിരുന്ന്’ കളി കണ്ട റിക്കി പോണ്ടിങ്ങിന്റെ ചിരി മാഞ്ഞത് പെട്ടെന്നായിരുന്നു. ഒന്നാം ക്വാളിഫയറിന്റെ തനിയാവര്‍ത്തനം. ഒരിക്കല്‍ക്കൂടി മുംബൈ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഡല്‍ഹി പതറി. നാലോവര്‍ കഴിഞ്ഞപ്പോഴേക്കും മൂന്നു ബാറ്റ്‌സ്മാന്മാരാണ് വിക്കറ്റുംകളഞ്ഞ് തിരിച്ചെത്തിയത്. മറ്റൊരു ദുരന്തം യുവനായകന്‍ ശ്രേയസ് അയ്യറിന് മുന്നില്‍ നടമാടി. പക്ഷെ തോറ്റുകൊടുക്കാന്‍ ശ്രേയസ് അയ്യറും തയ്യാറായില്ല. റിഷഭ് പന്തിനെയും കൂട്ടി ശ്രേയസ് പൊരുതി.

9 ഓവര്‍ വരെ ശ്രേയസ് അയ്യറായിരുന്നു ഡല്‍ഹിയുടെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. ഈ സമയമത്രയും സ്‌ട്രൈക്ക് ‘റൊട്ടേറ്റ്’ ചെയ്യാന്‍ പന്തും താത്പര്യപ്പെട്ടു. എന്നാല്‍ 10 ആം ഓവര്‍ മുതല്‍ റിഷഭ് പന്തും കൂടി റണ്‍വേട്ടയ്ക്ക് കൂടിയപ്പോള്‍ ഡല്‍ഹി അനായാസം 100 കടന്നു. ക്രുണാല്‍ പാണ്ഡ്യയെയും കീറോണ്‍ പൊള്ളാര്‍ഡിനെയും തിരഞ്ഞുപിടിച്ചാണ് ഇവര്‍ അടിച്ചത്.

ഫലമോ, ഒരുഘട്ടത്തില്‍ ചെറിയ സ്‌കോറിലൊതുങ്ങുമെന്ന് കരുതിയ ഡല്‍ഹിയുടെ ഇന്നിങ്‌സ് 7 വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സില്‍ പര്യവസാനിച്ചു. നാലാം വിക്കറ്റില്‍ ശ്രേയസ് അയ്യറും റിഷഭ് പന്തും പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് വന്‍ദുരന്തത്തില്‍ നിന്നും ഡല്‍ഹിയെ കരകയറ്റിയത്. മത്സരത്തില്‍ ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ശ്രേയസ് അയ്യർ 50 പന്തിൽ പുറത്താകാതെ 65 റൺസെടുത്തു. റിഷഭ് പന്ത് 38 പന്തിൽ 56 റൺസും. മറുഭാഗത്ത് മുംബൈ നിരയില്‍ ട്രെന്‍ഡ് ബൗള്‍ട്ടിന് മൂന്നു വിക്കറ്റുണ്ട്. നതാന്‍ കോള്‍ട്ടര്‍നൈലിന് രണ്ടും. രാഹുല്‍ ചഹറിന് പകരമെത്തിയ ജയന്ത് യാദവ് വിക്കറ്റ് കൈക്കലാക്കി.

നടുങ്ങിക്കൊണ്ടായിരുന്നു ഡല്‍ഹി ബാറ്റിങ് ആംരഭിച്ചത്. കഴിഞ്ഞമത്സരത്തിലെ ഹീറോയായ മാര്‍ക്കസ് സ്‌റ്റോയിനിസ് (0) ആദ്യ പന്തില്‍ത്തന്നെ പുറത്ത്. നെഞ്ചളവില്‍ ബൗള്‍ട്ടെറിഞ്ഞ പന്തിനെ പ്രതിരോധിക്കണോ ആക്രമിക്കണോ എന്ന സംശയത്തിലായിരുന്നു സ്‌റ്റോയിനിസ്. ഫലമോ, പന്ത് ബാറ്റിലുരസി കീപ്പറുടെ കൈകളില്‍ ഭദ്രമായെത്തി. എന്നാല്‍ വിക്കറ്റുപോയതൊന്നും ഗൗനിക്കാന്‍ ധവാന്‍ കൂട്ടാക്കിയില്ല. ഒരറ്റത്ത് ബുംറയെയും ബൗള്‍ട്ടിനെയും ബൗണ്ടറി കടത്തുന്ന തിരക്കിലായിരുന്നു ധവാന്‍. ഇതിനിടെ ബൗള്‍ട്ടിന്റെ മൂന്നാം ഓവറില്‍ ഒരിക്കല്‍ക്കൂടി ബൗള്‍ട്ട് ഡല്‍ഹിക്ക് വില്ലനായി.

ചെറിയ സ്വിങ്ങോടുകൂടി കാലിലേക്കെത്തിയ പന്തിനെ ഫ്‌ളിക്ക് ചെയ്യാന്‍ രഹാനെ ശ്രമിച്ചെങ്കിലും പദ്ധതി നടന്നില്ല. വീണ്ടുമൊരു കീപ്പര്‍ ക്യാച്ച്, രഹാനെയും (4 പന്തില്‍ 2) പുറത്ത്. പേസിനെതിരെയുള്ള ധവാന്റെ കളി കണ്ടാണ് രോഹിത് ശര്‍മ മൂന്നാം ഓവറില്‍ സ്പിന്‍ അവതരിപ്പിച്ചത്. കണക്കുകൂട്ടല്‍ കൃത്യമായി. നാലാം ഓവറില്‍ ‘സ്ലോഗ് സ്വീപ്പിന്’ പോയ ധവാനെ (13 പന്തില്‍ 15) കബളിപ്പിച്ച് ജയന്ത് യാദവ് സ്റ്റംപുംകൊണ്ടുപോയി. ഈ സമയം ഡല്‍ഹിയുടെ സ്‌കോര്‍ മൂന്നിന് 22.

മത്സരം തങ്ങളുടെ കൈപ്പിടിയിലായെന്ന് രോഹിത് ശര്‍മയും സംഘവം പവര്‍പ്ലേ തീരുംമുന്‍പുതന്നെ ഉറപ്പാക്കി. പക്ഷെ കൂടുതല്‍ നാശനഷ്ടങ്ങളില്ലാതെ ശ്രേയസ് അയ്യറും റിഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹിയെ മുന്നോട്ടു നയിച്ചു. പത്താം ഓവറില്‍ ക്രൂണാല്‍ പാണ്ഡ്യയെ രണ്ടുതവണ സിക്‌സിന് പറത്തിയാണ് റിഷഭ് പന്ത് വരവറിയിച്ചത്. ശേഷമങ്ങോട്ട് ആക്രമണം പന്ത് ഏറ്റെടുത്തു. ഫലമോ, 14 ആം ഓവറില്‍ ഡല്‍ഹി 100 പിന്നിട്ടു. 15 ആം ഓവറില്‍ പന്ത് സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറിയും തികച്ചു. കോള്‍ട്ടര്‍നൈലിനെ ബൗണ്ടറി പായിച്ചാണ് പന്ത് 50 കുറിച്ചത്. എന്നാല്‍ ഇതേ ഓവറില്‍ പന്ത് (38 പന്തില്‍ 56) പുറത്താവുകയും ചെയ്തു. റിഷഭ് പന്ത് പുറത്തായ സാഹചര്യത്തില്‍ കളിയുടെ നിയന്ത്രണം ശ്രേയസ് അയ്യറാണ് തുടര്‍ന്നേറ്റെടുത്തത്. ബുംറയെറിഞ്ഞ 17 ആം ഓവറില്‍ ഡല്‍ഹി നായകന്‍ അര്‍ധ സെഞ്ച്വറി തികച്ചു. ഡെത്ത് ഓവറുകളിൽ ഷിമറോൺ ഹെറ്റ്മയറും (5 പന്തിൽ 5) അക്സർ പട്ടേലും (9 പന്തിൽ 9) കാര്യമായ സംഭവന ചെയ്യാതെ പുറത്തായെങ്കിലും ശ്രേയസ് അയ്യർ മുന്നിൽ നിന്നും പടനയിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button