മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിന് വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം. മുംബൈ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്കായി 25 പന്തില്‍ 71 റണ്‍സടിച്ച ട്രൈസ്റ്റൻ സ്റ്റബ്സും 40 പന്തില്‍ 60 റണ്‍സടിച്ച പൃഥ്വി ഷായും പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 234-5, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 205-8. മുംബൈക്കായി ജെറാള്‍ഡ് കോയെറ്റ്സീ നാലു വിക്കറ്റെടുത്തപ്പോണ്‍ ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റെടുത്തു.
അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാൻ 34 റണ്‍സായിരുന്നു. എന്നാല്‍ തകര്‍ത്തടിച്ച സ്റ്റബ്സിന് അവസാന ഓവറില്‍ ഒറ്റ പന്തുപോലും നേരിടാന്‍ കഴിയാതിരുന്നതോടെ ഡല്‍ഹി തോല്‍വി വഴങ്ങി. ഡല്‍ഹിയുടെ ആന്‍റിച്ച് നോര്‍ക്യ എറിഞ്ഞ മുംബൈ ഇന്നിംഗ്സിലെ അവസാന ഓവറില്‍ റൊമാരിയോ ഷെപ്പേര്‍ഡ് 32 റണ്‍സടിച്ചത് മത്സര ഫലത്തില്‍ നിര്‍ണായകമായി.
സീസണില്‍ മുംബൈയുടെ ആദ്യ ജയവും ഡല്‍ഹിയുടെ നാലാം തോല്‍വിയുമാണിത്. ജയത്തോടെ മംബൈ ഡല്‍ഹിയെ അവസാന സ്ഥാനത്തേക്ക് പിന്തള്ളി ഒമ്പതാം സ്ഥാനത്തേക്ക് കയറി. ജയത്തോടെ ഐപിഎല്‍ ചരിത്രത്തില്‍ 250 വിജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈക്ക് സ്വന്തമായി.
കൂറ്റന്‍ ലക്ഷ്യത്തിന് മുന്നില്‍ ഡല്‍ഹിക്ക് തുടക്കത്തിലെ അടിതെറ്റി. എട്ട് പന്തില്‍ ഒരു സിക്സ് അടക്കം 10 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ നാലാം ഓവറില്‍ വീണു. എന്നാല്‍ പൃഥ്വി ഷായും അഭിഷേക് പോറലും മൂന്നാം വിക്കറ്റില്‍ തകര്‍ത്തടിച്ചതോടെ ഡല്‍ഹിക്ക് പ്രതീക്ഷയായി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 88 റണ്‍സടിച്ചു.
31 പന്തില്‍ 41 റണ്‍സടിച്ച പോറലിനെയും 40 പന്തില്‍ 60 റണ്‍സടിച്ച പൃഥ്വി ഷായെയും മടക്കിയ ജസ്പ്രീത് ബുമ്ര മുംബൈയെ മത്സരത്തില്‍ തിരിച്ചെത്തിച്ചു. റിഷഭ് പന്ത്(3 പന്തില്‍ 1 റണ്‍സ്) നിരാശപ്പെടുത്തിയപ്പോള്‍ സ്റ്റബ്സിന്‍റെ പോരാട്ടം(18 പന്തില്‍ 48) ഡല്‍ഹിയുടെ തോല്‍വിഭാരം കുറച്ചു. മുംബൈക്കായി ബുമ്ര നാലോവറില്‍ 18 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ കോയെറ്റ്സിയും റൊമാരിയോ ഷെപ്പേര്‍ഡും ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ രോഹിത് ശര്‍മയുടെയും(27 പന്തില്‍ 49) ഇഷാന്‍ കിഷന്‍റെയും(23 പന്തില്‍ 42) ടിം ഡേവിഡിന്‍റെയും(21 പന്തില്‍ 45) റൊമാരിയോ ഷെപ്പേര്‍ഡിന്‍റെയും(10 പന്കില്‍ 39) ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തത്. പവര്‍ പ്ലേയിലെ ആറോവറില്‍ 75 റണ്‍സടിച്ച മുംബൈക്ക് മധ്യ ഓവറുകളില്‍ സ്കോറിംഗ് വേഗം കൂട്ടാനായില്ലെങ്കിലും അവസാന നാലോവറിൽ 84 റണ്‍സ് അടിച്ചെടുത്താണ് 234ല്‍ എത്തിയത്. ഇതില്‍ 51 റണ്‍സും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(33 പന്തില്‍ 39) പുറത്തായശേഷമുള്ള അവസാന രണ്ടോവറിലായിരുന്നു. ഡല്‍ഹിക്കായി അക്സര്‍ പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു.