മുംബൈ ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും അശ്ലീല വിഡിയോകൾ നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 2 സഹോദരന്മാരെ പാൽഘർ പൊലീസ് അറസ്റ്റ് ചെയ്തു. 19, 21 വയസ്സുകാരായ പ്രതികൾ മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മക്കളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സൈബർ കുറ്റകൃത്യത്തിന് എഐ സാങ്കേതികവിദ്യ ഉപയോഗിച്ചതു സംബന്ധിച്ച സംസ്ഥാനത്തെ ആദ്യ കേസാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തങ്ങളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിനെ ചോദ്യം ചെയ്തപ്പോൾ ഇരുവരും ആക്രമിച്ചതായുള്ള 2 പെൺകുട്ടികളുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ്, യുവാക്കൾ ഇത്തരത്തിൽ കൂടുതൽ പേരുടെ വ്യാജ ചിത്രങ്ങൾ തയാറാക്കിയിട്ടുണ്ടെന്നു വെളിപ്പെട്ടത്.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പുകൾക്കു പുറമേ പീഡനശ്രമം, കുട്ടികൾക്കു നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോക്സോ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് പറഞ്ഞു.