കുമളി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.10 അടിയായി. നീരൊഴുക്കില്‍ മാറ്റമില്ല. തമിഴ്‌നാട് സെക്കന്‍ഡില്‍ 2200 ഘനയടി വെള്ളം ഇവിടെനിന്ന് വൈഗയിലേക്കു തുറന്നുവിട്ടിട്ടുണ്ട്. 4 പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴി 1800 ഘനയടിയും 400 ഘനയടി ഇറച്ചിപ്പാലം വഴിയുമാണു കൊണ്ടുപോകുന്നത്. അടിയന്തിര സാഹചര്യമുണ്ടായാല്‍ 300 ഘനയടി വെള്ളം കൂടിയേ തമിഴ്‌നാടിന് കൊണ്ടുപോകാന്‍ കഴിയൂ. ഇതില്‍ കൂടുതല്‍ വെള്ളം അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കണമെങ്കില്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ തുറന്ന് പെരിയാറിലേക്ക് വെള്ളം ഒഴുക്കണം.
മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തില്‍ ജലനിരപ്പ് 136ലും താഴ്ത്തി നിര്‍ത്താന്‍ കഴിയുമെന്നാണ് തമിഴ്‌നാടിന്റെ പ്രതീക്ഷ. തുലാവര്‍ഷം ശക്തമായാല്‍ ഇവരുടെ കണക്കുകൂട്ടലുകള്‍ തെറ്റും. ജലനിരപ്പ് 136 അടിയില്‍ നിന്ന് 142ലേക്ക് ഉയര്‍ത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയ ശേഷം 3 തവണ ജലനിരപ്പ് 142 അടിയിലെത്തിയിരുന്നു. 2014ല്‍ നവംബര്‍ 21നും, 2015ല്‍ ഡിസംബര്‍ ആറിനുമാണ് ജലനിരപ്പ് 142 അടിയിലെത്തിയതെങ്കില്‍ 2018ല്‍ ഓഗസ്റ്റ് 15നാണ് 142 പിന്നിട്ടത്. പഴയ കണക്കുകള്‍ പരിശോധിച്ചാല്‍ ജലനിരപ്പ് അനുവദനീയ സംഭരണശേഷി പിന്നിട്ടത് അധികവും തുലാവര്‍ഷക്കാലത്താണെന്നു വ്യക്തം.
ഇടുക്കി ആര്‍ഡിഒ എം.കെ. ഷാജി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പെരിയാറിന്റെ തീരപ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനു ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ പെരിയാര്‍ വില്ലേജിലെ വികാസ് നഗര്‍, ഇഞ്ചിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം തുടങ്ങിയ സ്ഥലങ്ങളില്‍ ബോധവല്‍ക്കരണം നടത്തി.
തിരുവനന്തപുരം:മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭ്യമായ മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ മഴക്കാലം തുടക്കം മുതൽ ചെയ്തു വരുന്നതായി ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് 16.10.2021 തീയതി മുതൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്തുകയും തമിഴ്നാടമായി ഉദ്യോഗസ്ഥ തലത്തിലും സർക്കാർ തലത്തിലും ആവശ്യമായ നടപടികൾ കൈക്കൊളളുന്നതിനായി നിരന്തരം ആശയവിനിമയം നടത്തി വരുന്നു. കൂടാതെ ചീഫ് സെക്രട്ടറി തലത്തിൽ കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ, മുല്ലപ്പെരിയാർ മേൽനോട്ട സമിതി ചെയർമാൻ, തമിഴ്നാട് ചീഫ് സെക്രട്ടറി എന്നിവരോടും മേൽ വിഷയത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തിൽ അടിയന്തിരമായി ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ബഹു. കേരള മുഖ്യമന്ത്രി ബഹു. തമിഴ് നാട് മുഖ്യമന്ത്രിക്ക് എഴുതിയിട്ടുണ്ട്.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് മഴ മൂലം 24.10.2021 തീയതി രാത്രി 9 മണിയ്ക്ക് 136.95 അടിയായി ഉയർന്നിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് ടണൽ വഴി കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് 16.10.201 തീയതിയിൽ 1300 ക്യുസെക്ക്സ് എന്നത് 24.10.2021 തീയതിയിൽ പൂർണ്ണ ശേഷിയായ 2200 ക്യുസെക്സിലേക്ക് ഉയർത്തിയിട്ടുണ്ട്.
കൂടാതെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി അധികജലം പുറത്തേയ്ക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാൽ 24 മണിക്കൂർ മുൻപുതന്നെ അറിയിപ്പ് ലഭ്യമാക്കാൻ തമിഴ്നാട് സർക്കാരിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് 136 അടിയിൽ എത്തിയപ്പോൾ 23.10.2021 തീയതിയിൽ തമിഴ്നാട് ഒന്നാം മുന്നറിയിപ്പ് സന്ദേശം ലഭ്യമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി 2018 ലെ ഇടക്കാല ഉത്തരവിൽ കേരളത്തിലെ പ്രളയ സാഹചര്യം നിയന്ത്രിക്കുന്നതിനായി അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് ക്രമീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ബഹുമാനപ്പെട്ട കോടതിയിൽ നാളെ പരിഗണിക്കാനിരിക്കുന്ന കേസിന്റെ ഭാഗമായി, 139 അടിയിലേക്ക് ജലനിരപ്പ് ക്രമീകരിക്കാനുള്ള ഉത്തരവിനായി അപേക്ഷ സമർപ്പിക്കുന്നതാണ്. ആയതിനാൽ സ്ഥിതിഗതികൾ വിലയിരുത്തിയതിൽ നിന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലായെന്ന് അറിയിക്കുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും വ്യക്തമാക്കുന്ന ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.അണക്കെട്ട് ഭൂചലന സാധ്യതാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 1979ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങള്‍ മൂലം അണക്കെട്ടില്‍ വിള്ളലുകളുണ്ടായിട്ടുണ്ട്. അണക്കെട്ടിലെ ചോര്‍ച്ചയും ആശങ്കയുണ്ടാക്കുന്നു. 125 വര്‍ഷം മുന്‍പ് നിര്‍മാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ നിലവിലുള്ള നിര്‍മാണച്ചട്ടങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ കാലഹരണപ്പെട്ടതാണ്. അണക്കെട്ടു തകര്‍ന്നാല്‍ കേരളത്തിലെ 35 ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന അതിതീവ്ര മഴയും മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും മൂലം മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയരുന്നതിനിടെയാണ് യുഎന്‍ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. യുഎന്‍ യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍, എന്‍വയണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് ആണ് ലോകത്തിലെ പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യ, യുഎസ്, ഫ്രാന്‍സ്, കാനഡ, ജപ്പാന്‍, സാംബിയ, സിംബാബ്വെ എന്നീ രാജ്യങ്ങളിലെ പഴക്കം ചെന്ന ഡാമുകളെക്കുറിച്ചാണു പഠനം നടത്തിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടുമായുള്ള തര്‍ക്കവും നിയമപോരാട്ടവും റിപ്പോര്‍ട്ടിലുണ്ട്. 1895ല്‍ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ 50 വര്‍ഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടര്‍ന്ന് ഡീ കമ്മിഷന്‍ ചെയ്യാന്‍ നീക്കം നടന്നു. എന്നാല്‍, ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. അണക്കെട്ട് തകരുമെന്ന ഭീതി മൂലം ജലനിരപ്പ് താഴ്ത്തണമെന്നാണ് കേരളത്തിന്റെ വാദം. തമിഴ്‌നാട് ഇതിനു സമ്മതിക്കുന്നില്ല. 2009ല്‍ പുതിയ അണക്കെട്ട് പണിയണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്‌നാട് എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാറിന്റെ സുരക്ഷാഭീഷണി പരിശോധിച്ചിരിക്കുന്നത്.