ഇടുക്കി:മുല്ലപ്പെരിയാർ ഡാമിലെ (mullaperiyardam)ജലനിരപ്പ് 141 അടിയായി ഉയർന്നതിനേത്തുടർന്ന് അണക്കെട്ടിലെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. രണ്ട് ഷട്ടറുകൾ 40 സെൻ്റീമീറ്റർ വീതം തുറന്ന് 772 ഘന അടി വെള്ളമാണ് ഒരു സെക്കണ്ടിൽ പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ 5.30ഓടെയാണ് ജല നിരപ്പ് 141 അടിയിലേക്ക് എത്തിയത്.ആറ് മണിയോടെ രണ്ടാമത്തെ ജാഗ്രതാ നിർദേശവും നൽകിയിരുന്നു. ഷട്ടർ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കുന്നതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണണെന്ന നിർദേശം നൽകിയിട്ടുണ്ട്.
ഇടുക്കിയിലും ജലനിരപ്പുയരുകയാണ്. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിൽ എത്തിയതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇന്ന് 10 മണിക്ക് ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് (HEAVY RAINFALL)സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്(warning). ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്(yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം,പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട് എന്നീ ജില്ലകളില്‍ ആണ് യെല്ലോ അലർട്.മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടാണെങ്കിലും ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇടുക്കിയിലെ മലയോര മേഖലയിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും കടകളിൽ വെള്ളം കയറി.നെടുങ്കണ്ടം കല്ലാർ അണക്കെട്ട് തുറന്നു.കുമളി ടൗൺ, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്.കുമളി ടൗണിൽ ദേശീയ പാതയിൽ വെള്ളം കയറിയതോടെ അര മണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു.മഴ കുറഞ്ഞതോടെ വെളളം ഇറങ്ങി.അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിലും മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.കട്ടപ്പന പാറക്കടവിൽ തോട് കരകവിഞ്ഞു.
തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.