തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൊവിഡാണന്നും സ്ഥിതി ഗുരുതരമാണെന്നും വ്യാജപ്രചാരണം. തലശേരി സ്വദേശി നൗഷാദ് മാണിക്കോത്ത് ആണ് ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയത്.
മുല്ലപ്പള്ളിക്ക് കരള്‍ സംബന്ധമായ അസുഖം ഉള്ളതിനാല്‍ സ്ഥിതി ഗുരുതരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ടെന്നും ആയുസിന് വേണ്ടി എല്ലാവരും പ്രാത്ഥിക്കണമെന്നുമായിരുന്നു പോസ്റ്റ്.
ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിച്ച് ചോദിച്ചപ്പോഴാണ് മുല്ലപ്പള്ളിയും ഇത് അറിയുന്നത്. ഇതിനിടെ വ്യാജ ഇ മെയില്‍ ഐഡി ഉപയോഗിച്ച് തന്റ പേരില്‍ വ്യാപകമായി ചിലര്‍ ധനസഹായ അഭ്യര്‍ഥന നടത്തി പണം പിരിക്കുന്നതായി കാണിച്ച് മുല്ലപ്പള്ളി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. തട്ടിപ്പ് സംഘത്തിന്റ വലയില്‍ വീഴരുതെന്ന് മുല്ലപ്പള്ളി ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു.
മുല്ലപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
വ്യാജ ഇമെയില്‍ ഐഡി ഉപയോഗിച്ച് തന്റെ പേരില്‍ വ്യാപകമായി ധനസഹായാഭ്യര്‍ത്ഥന നടത്തി പണം പിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരാണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. തന്റെ പേരില്‍ വ്യാജ ഇമെയില്‍ ഐഡി ഉണ്ടാക്കി ഇത്തരം തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും കേരള പോലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
മുല്ലപ്പള്ളി രാമചന്ദ്രന്‍
കെപിസിസി പ്രസിഡന്റ്