KeralaNews

ബി.ജെ.പിയ്ക്ക് മുഖ്യമന്ത്രി വിശുദ്ധ പശുവാണോ?; സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും ബി.ജെ.പിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്നില്ല. ബി.ജെ.പിയ്ക്ക് മുഖ്യമന്ത്രി വിശുദ്ധ പശുവാണോ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. സ്വര്‍ണക്കള്ളക്കടത്തിന്റെ എല്ലാ ഇടപാടുകളും മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയാണ് നടന്നിരിക്കുന്നത്. പലഘട്ടത്തിലും കള്ളക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം കിട്ടിയിട്ടുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്നാ സുരേഷിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് അവഗണിച്ചാണ് അവര്‍ക്ക് ഐ.ടി വകുപ്പില്‍ ജോലി നല്‍കിയത്. ത്രീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം അന്വേഷണം ഒതുങ്ങുന്നത് ഉചിതമല്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഉന്നതങ്ങളിലെ രാഷ്ട്രീയ അഴിമതിയും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കൃത്യമായ ആസൂത്രണത്തോടെ നടന്ന അന്താരാഷ്ട്ര മാനങ്ങളുള്ള കുറ്റകൃത്യമാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്. അതുകൊണ്ട് മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ തന്നെ ചോദ്യം ചെയ്യണം. ലോകത്ത് ഒരിടത്തും ഇന്നുവരെ ഡിപ്ലോമാറ്റിക് ബാഗില്‍ക്കൂടി കള്ളക്കടത്ത് നടത്തിയിട്ടില്ല. തട്ടിപ്പുകാരിക്ക് ജോലി മാത്രമല്ല താമസിക്കാന്‍ ഫളാറ്റ് എടുത്ത് കൊടുത്തത് പോലും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനാണ്.

ഇതേ മുഖ്യമന്ത്രി വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് ലാവിലിന്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ ചെന്നൈ ആസ്ഥാനത്ത് ഇദ്ദേഹത്തെ കര്‍ശനമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയത് നാടുമറന്നിട്ടില്ല. എത്ര മുഖ്യമന്ത്രിമാരേയും കേന്ദ്രമന്ത്രിമാരേയും സിബിഐയും എന്‍ഫോഴ്സ്മെന്റും കസ്റ്റംസും ഐബിയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്തിന് ബിജെപി സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അറച്ചു നില്‍ക്കുന്നു.പൊതുസമൂഹം ഈ കള്ളക്കളി നന്നായി തിരിച്ചറിയുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

അന്വേഷണം ശരിയായ ദിശയിലാണോയെന്നു സംശിക്കേണ്ടിരിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രി എന്‍ഐഎയ്ക്ക് സ്തുതിഗീതം പാടുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ പ്രകീര്‍ത്തിക്കുന്നു. എന്നാല്‍ സിബിഐ അന്വേഷണം മുഖ്യമന്ത്രിയ്ക്ക് സ്വീകാര്യവുമല്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നാല്‍ അത്ഭുതപ്പെടാനില്ല. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ അന്വേഷണം മന്ദഗതിയലാണ് പോകുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button