തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ അറിയിച്ചു. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തന്നെ അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിൽ കഴിഞ്ഞ ദിവസം ഹൈക്കമാൻഡിനെ രേഖമൂലം രാജി സന്നദ്ധത അറിയിച്ചുവെന്നാണ് വിവരം. മുല്ലപ്പള്ളിയുടെ രാജി ദേശീയ നേതൃത്വം ഇന്നു തന്നെ സ്വീകരിച്ചേക്കുമെന്നാണ് വിവരം. മുല്ലപ്പള്ളി രാജിസന്നദ്ധത ഹൈക്കാമൻഡിനെ അറിയിച്ചെന്ന് രമേശ് ചെന്നിത്തല അറിയിക്കുകയും ചെയ്തു.
ഇതിനിടെ കെ.പി.സി.സി. അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് കോൺഗ്രസിൽ ചരടുവലി ശക്തമായി. കെ. സുധാകരനെയും പി.ടി. തോമസിനെയും മുന്നിൽനിർത്തിയാണ് നീക്കങ്ങളേറെയും. എ. ഗ്രൂപ്പ് ബെന്നി ബെഹനാന്റെ പേരാണുയർത്തുന്നത്.
പ്രതിപക്ഷനേതൃസ്ഥാനം സംബന്ധിച്ച് കോൺഗ്രസ് ചേരികളിലുണ്ടാക്കിയ പടലപ്പിണക്കങ്ങൾ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് ഐകകണ്ഠ്യേന ഒരു പേര് നിർദേശിക്കാൻ തടസ്സമാകുന്നു. പ്രതിപക്ഷനേതൃസ്ഥാനത്തുനിന്ന് ഒഴിവായ രമേശ് ചെന്നിത്തല മുറിവേറ്റനിലയിലാണ്. ഐ. പക്ഷത്തുനിന്നുതന്നെ വി.ഡി. സതീശന്റെ പേരുയരുകയും സുധാകരൻ അടക്കമുള്ളവർ സതീശനെ പിന്തുണയ്ക്കുകയുംചെയ്തത് ഗ്രൂപ്പ് സമവാക്യങ്ങൾ തെറ്റിച്ചു.
കെ.പി.സി.സി. പ്രസിഡന്റ് സംബന്ധിച്ച തീരുമാനത്തിൽ താൻ ഇടപെടില്ലെന്ന നിലപാടിലാണ് ചെന്നിത്തല. മുതിർന്നനേതാക്കളിൽനിന്നകന്ന് എ, ഐ ഗ്രൂപ്പുകളിലെ പുതുതലമുറയുടെ കൂട്ടായ്മയും കോൺഗ്രസിൽ രൂപപ്പെടുന്നുണ്ട്. വി.ഡി. സതീശനോട് ഇവർ അനുഭാവം പുലർത്തുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്താങ്ങാൻ എ. ഗ്രൂപ്പ് തീരുമാനിച്ചെങ്കിലും ഈവിഭാഗത്തിലുള്ള എല്ലാ എം.എൽ.എ.മാരും ഇത് അംഗീകരിച്ചില്ല. ഐ. ഗ്രൂപ്പ് എം.എൽ.എ.മാരും രമേശിന്റെയും സതീശന്റെയും പേരുകളിൽ വിഭജിക്കപ്പെട്ടു. കെ.പി.സി.സി. പ്രസിഡന്റിന്റെ നിയമനത്തിലും ഇത് ചലനങ്ങൾ സൃഷ്ടിക്കും.
ദീർഘകാലമായി ഗ്രൂപ്പുകളിൽനിന്ന് അകലംപാലിച്ചാണ് പി.ടി. തോമസ് നിൽക്കുന്നത്. ഗ്രൂപ്പ് താത്പര്യങ്ങൾക്കപ്പുറം പരിഗണനയുണ്ടാകുമെന്നു കരുതുന്നവരാണ് തോമസിനെ പിന്തുണയ്ക്കുന്നത്. കെ.പി.സി.സി.ക്കുപിന്നാലെ ഡി.സി.സി.കളിലും അഴിച്ചുപണിയുണ്ടാകും. പാലക്കാട് ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ രാജിവെച്ചു. മലപ്പുറം, ആലപ്പുഴ അടക്കമുള്ള ജില്ലകളിലും പ്രസിഡന്റില്ല.