NationalNews

ആദ്യ ഡോസ് കോവിഷീല്‍ഡ്, രണ്ടാമത് കോവാക്‌സിന്‍; വാക്‌സിന്‍ കുത്തിവെപ്പില്‍ ഗുരുതര വീഴ്ച

ലഖ്നൗ:ഉത്തർപ്രദേശിൽ ഗ്രാമീണർക്ക് നൽകിയ വാക്സിനേഷനിൽ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ആദ്യ ഡോസ് വാക്സിനിൽനിന്ന് വ്യത്യസ്തമായ വാക്സിനാണ് രണ്ടാമത് നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. സിദ്ധാർഥ് നഗർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. കോവിഷീൽഡ്, കോവാക്സിൻ എന്നിവ മാറ്റി നൽകുകയായിരുന്നെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

നേപ്പാൾ അതിർത്തിയോടു ചേർന്ന ഉൾനാടൻ ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് വാക്സിൻ വിതരണത്തിൽ വലിയ അപാകത സംഭവിച്ചത്. ഏപ്രിൽ ആദ്യ ആഴ്ച നൽകിയത് കോവിഷീൽഡ് വാക്സിനാണ്. എന്നാൽ മേയ് 14ന് രണ്ടാം ഡോസ് ആയി നൽകിയത് കോവാക്സിൻ ആയിരുന്നു. 20 ഗ്രാമീണർക്കാണ് ഇങ്ങനെ വാക്സിൻ മാറി കുത്തിവെച്ചത്.

സംഭവിച്ചത് വലിയ വീഴ്ചയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ സന്ദീപ് ചൗധരി പറഞ്ഞു. വാക്സിൻ ഇടകലർത്തി നൽകാൻ ഒരു നിർദേശവും ലഭിച്ചിരുന്നില്ല. വാക്സിൻ വിതരണം ചെയ്തവർക്ക് സംഭവിച്ച പിഴവാണ്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ സ്വീകരിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

അതേസമയം, വാക്സിൻ എടുത്തതിനു ശേഷം തങ്ങളെ ആരോഗ്യവകുപ്പിൽനിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും പരിശോധന നടത്തിയിട്ടില്ലെന്നും വാക്സിൻ സ്വീകരിച്ചവർ മാധ്യമങ്ങളോട് പറഞ്ഞു. വാക്സിൻ സ്വീകരിച്ചതിനു ശേഷമാണ് കോവാക്സിനാണ് എടുത്തതെന്ന് അറിഞ്ഞതെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ഡോക്ടർ പറഞ്ഞതായും അവർ പ്രതികരിച്ചു.

രാജ്യത്ത്‌ കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പ് 130 ദിവസത്തിനിടെ 20 കോടി കടന്നു. ഇതിൽ 15.71 കോടി ഒന്നാം ഡോസും 4.35 കോടി രണ്ടാം ഡോസും. രാജ്യത്ത്‌ രണ്ടു ഡോസ്‌ കിട്ടിയവർ 3.11 ശതമാനംമാത്രം. ഒരു ഡോസ്‌ കിട്ടിയവരാകട്ടെ 11.12 ശതമാനവും. ഇസ്രയേലിൽ 63 ശതമാനവും മംഗോളിയയിൽ 56.16 ശതമാനവും കാനഡയിൽ 52.84 ശതമാനവും ഹംഗറിയിൽ 52.17 ശതമാനവും യുഎസിൽ 50 ശതമാനവും പേർ ഒരു ഡോസ്‌ വാക്‌സിനെങ്കിലും എടുത്തിട്ടുണ്ട്.

കടുത്ത വാക്‌സിൻ ക്ഷാമം കാരണം കുത്തിവയ്‌പ് മന്ദഗതിയിലാണ്‌. ഏപ്രിലിന്റെ തുടക്കത്തിൽ 2.47 കോടിവരെയായി ഉയർന്ന പ്രതിവാര കുത്തിവയ്‌പ്. മെയ്‌ 21ന്‌ അവസാനിച്ച ആഴ്‌ചയിൽ 92.10 ലക്ഷമായി. 75 ശതമാനമാണ്‌ ഇടിവ്‌. ബുധനാഴ്‌ച 17.89 ലക്ഷം കുത്തിവയ്പ്. 23.43 കോടി പേരാണ്‌ കോവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തു കാത്തിരിക്കുന്നത്‌.

രാജ്യത്ത്‌ 60 വയസ്സ്‌ കഴിഞ്ഞവരില്‍ 42 ശതമാനം പേർ ഒരു ഡോസ്‌ എടുത്തെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 45 വയസ്സ്‌ കഴിഞ്ഞവരില്‍ 34 ശതമാനവും. 18നും 45നും ഇടയിലുള്ളവരില്‍1.29 കോടി പേരാണ്‌ ഒരു ഡോസ്‌ എടുത്തത്‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker