തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്ന എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യം മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇത്തരമൊരു രീതി പ്രോത്സാഹിപ്പിക്കരുതെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു.
എന്നാൽ കേരള രാഷ്ട്രീയത്തിലേക്ക് കെ സുധാകരന്‍, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍ തുടങ്ങിയ എംപിമാര്‍ തിരിച്ചുവരാനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അത്തരമൊരു ശീലം കോണ്‍ഗ്രസില്‍ അനുവദിക്കരുതെന്ന് ഗ്രൂപ്പ് നേതാക്കളോടും മുല്ലപ്പള്ളി ആവശ്യപ്പെട്ടിട്ടുണ്ട്.
അനുഭവ സമ്പത്തുള്ളവരുടെ സാന്നിധ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്യാവശ്യമാണെന്നാണ് കെ സുധാകരന്‍ എംപി മാധ്യമങ്ങളോട് പറഞ്ഞത്. പാര്‍ട്ടി പറഞ്ഞതുകൊണ്ടാണ് പാര്‍ലമെന്‍റിലേക്ക് മത്സരിച്ചത്. ഇനിയും പാര്‍ട്ടി പറയുന്നതുപോലെ ചെയ്യുമെന്നും സുധാകരന്‍ വ്യക്തമാക്കുകയുണ്ടായി. അഞ്ച് തവണ കോന്നിയില്‍ മത്സരിച്ചയാളാണെന്നും പാര്‍ട്ടി പറഞ്ഞതുകൊണ്ടാണ് പാര്‍ലമെന്‍റിലേക്ക് മത്സരിച്ചതെന്നും അടൂര്‍ പ്രകാശും വ്യക്തമാക്കി.
എന്നാൽ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായ സാഹചര്യമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. തുടര്‍ന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നത്.