FeaturedKeralaNews

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായി; ജാഗ്രതാ നിര്‍ദ്ദേശം

കുമളി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ നീരൊഴുക്ക് ശക്തമായി. സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 4,056 ഘനയടി വെള്ളമാണ്. ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനാല്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

ഇടുക്കി ഡാം ഇന്ന് തുറക്കാന്‍ സാധ്യതയുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതോടെ ജലനിരപ്പ് 2398.74 അടിയായി. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമാണ്. റെഡ് അലേര്‍ട്ട് പരിധിയായ 2399.03 അടിയില്‍ എത്തിയാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് നല്‍കിയ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇടുക്കി ഡാം ഇന്നലെ തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് തുറക്കേണ്ടതില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ട് പോകാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.

സാഹചര്യം നിരീക്ഷിച്ച ശേഷം തുടര്‍ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. റൂള്‍ കര്‍വ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലേര്‍ട്ട് ലെവല്‍ 2392.03 അടിയാണ്. ഓറഞ്ച് അലേര്‍ട്ട് 2398.03 അടിയും റെഡ് അലേര്‍ട്ട് 2399.03 അടിയുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button