മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും. സുപ്രീം കോടതി നിർദ്ദേശ പ്രകാരം രണ്ടു സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ സന്ദർശനമാണിത്. നേരത്തെ ഉണ്ടായിരുന്ന മൂന്നംഗ സമിതിയിലേക്ക് രണ്ടു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഓരോ സാങ്കേതിക വിദഗ്ദ്ധരെയാണ് ഉൾപ്പെടുത്തിയത്.
ഇറിഗേഷൻ ആൻറ് അഡമിനിസ്ട്രേഷൻ ചീഫ് എൻജിനീയർ എൻജിനീയർ അലക്സ് വർഗീസാണ് കേരളത്തിൻറെ പ്രതിനിധി. കാവേരി സെൽ ചെയർമാൻ ആർ സുബ്രഹ്മണ്യമാണ് തമിഴ്നാടിൻറെ പ്രതിനിധി. കേന്ദ്ര ജലക്കമ്മീഷൻ അംഗം ഗുൽഷൻരാജാണ് സമിതി അധ്യക്ഷൻ.
കേരളത്തിന്‍റെ പ്രതിനിധിയായി ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ സെക്രട്ടറി സന്ദീപ് സക്സേനയുമാണ് ഉണ്ടായിരുന്നത്. രാവിലെ തേക്കടിയിൽ നിന്നും ബോട്ട് മാർഗ്ഗം അണക്കെട്ടിലെത്തുന്ന സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽ വേ എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തും.
ഡാം സുരക്ഷാനിയമ പ്രകാരമുള്ള അതോറിറ്റി പ്രാബല്യത്തിൽ വരുന്നതോടെ, മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിടാനുള്ള നീക്കത്തെ എതിർത്ത് കേസിലെ പ്രധാന ഹർജിക്കാരനായ കോതമംഗലം സ്വദേശി ജോ ജോസഫ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. അതോറിറ്റി വരുന്നതുവരെ മേൽനോട്ട സമിതിക്കു മുഴുവൻ ചുമതലകളും നൽകിയാണ് ഏപ്രിൽ ആദ്യവാരം കോടതി ഇടക്കാല ഉത്തരവ് നൽകിയത്.
അതോറിറ്റി പൂർണ സജ്ജമാകുന്നതോടെ മേൽനോട്ട സമിതി പിരിച്ചുവിടാമെന്നു കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതിനോടു കോടതിയും തത്വത്തിൽ യോജിച്ചിരിക്കെയാണ് ഹർജി നൽകിയത്. സമിതി ഇല്ലാതായാൽ കേരളത്തിനു മേൽക്കൈ നഷ്ടപ്പെടുമെന്നിരിക്കെ കേരള സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല.
സമീപപ്രദേശങ്ങളിൽ കഴിയുന്നവരുടെ ആശങ്ക അറിയിക്കാനും ഡാമിന്റെ പ്രവർത്തനങ്ങളിൽ സൂക്ഷ്മ മേൽനോട്ടം ഉറപ്പാക്കാനും ഉൾപ്പെടെ വ്യക്തമായ ഉദ്ദേശ്യത്തോടെയാണു സുപ്രീം കോടതി തന്നെ മേൽനോട്ട സമിതിയെ വച്ചത്.