FeaturedKeralaNews

മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

കുമളി: ജലനിരപ്പ് വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. നിലവില്‍ തുറന്നിരിക്കുന്ന ഒരു ഷട്ടറിന് പുറമേ രണ്ടു ഷട്ടര്‍ കൂടി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. മൂന്നു ഷട്ടറും 0.30 മീറ്റര്‍ അധികമായി ഉയര്‍ത്തി 1259 ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല, ജില്ലാ ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം രാത്രിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ തുറന്ന ഷട്ടറുകള്‍ രാവിലെ തമിഴ്നാട് അടച്ചിരുന്നു. തുറന്ന ഒമ്പതെണ്ണത്തില്‍ ഒരെണ്ണം ഒഴികെ എട്ടുഷട്ടറുകളാണ് അടച്ചത്.

അതിനിടെ കഴിഞ്ഞദിവസം രാത്രിയില്‍ ഒന്‍പത് ഷട്ടറുകള്‍ തുറന്ന് കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയത് വഴി വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നുണ്ട്.

വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും ജോസ് കെ മാണി എംപി ഡല്‍ഹിയില്‍ പറഞ്ഞു. ‘മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന തലത്തില്‍ ചെയ്യാവുന്നത് ചെയ്യുകയാണ് ആദ്യത്തെ ഘട്ടം. പക്ഷേ അതിനുകഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് പരിഹാരം കണ്ടേപറ്റൂ’. എംപി വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ തമിഴ്‌നാട് അനാവശ്യ പിടിവാശി തുടരുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി കുറ്റപ്പെടുത്തി. തമിഴ്‌നാടിന്റേത് കേരള ജനതയെ പീഡിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ്. തമിഴ്‌നാട് മനുഷ്യത്വരഹിതമായി പെരുമാറുന്നു. കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുന്നില്ലെന്നും ഡീന്‍ കുര്യാക്കോസ് എംപി വിമര്‍ശിച്ചു.

മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്ന വിഷയം കേരളം ഇന്ന് തന്നെ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നാണ് സൂചന. രാത്രികാലങ്ങളില്‍ മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്ന തമിഴ്‌നാട് നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. കേരളത്തില്‍ നിന്നുള്ള എംപി മാര്‍ പാര്‍ലമെന്റില്‍ ഇന്ന് ധാരണ നടത്തും. പാര്‍ലമെന്റ് കവാടത്തില്‍ രാവിലെ പത്ത് മണിമുതലാണ് ധര്‍ണ. തമിഴ്നാടിന്റെ ഏകപക്ഷീയ നടപടികള്‍ തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കേരളത്തിന്റെ ആവശ്യം.

മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിലുള്ള സംസ്ഥാനത്തിന്റെ ആശങ്ക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരത്തെ തന്നെ തമിഴ്‌നാടിനെ അറിയിച്ചതാണ്. എന്നാല്‍ തമിഴ്‌നാട് ഈ രീതി തുടര്‍ന്നു. അതുകൊണ്ട് തന്നെ നിയമപരമായി വിഷയത്തെ സമീപിക്കാനാണ് കേരളം ആലോചിക്കുന്നത്. ഡാം തുറക്കുന്നതില്‍ സംസ്ഥാനത്തിന് എതിര്‍പ്പില്ല. പക്ഷേ, കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളില്‍ ഡാം തുറന്നുവിടുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നുണ്ട്. പരസ്പര സഹകരണത്തോടെ പോയില്ലെങ്കില്‍ ഭവിഷ്യത്തുണ്ടാവുമെന്ന ആശങ്കയും കേരളം പങ്കുവെക്കുന്നു.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാട് മുല്ലപ്പെരിയാറിന്റെ 9 ഷട്ടറുകള്‍ തുറന്നത്. സെക്കന്‍ഡില്‍ 12000 ഘനയടിയിലധികം വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ ആദ്യ മിനിറ്റുകളില്‍ തന്നെ നിരവധി വീടുകളില്‍ വെള്ളം കയറി. നടപടിയില്‍ നാട്ടുകാരും പ്രതിഷേധത്തിലാണ്. ഈ വര്‍ഷം മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കിവിടുന്ന ഏറ്റവും ഉയര്‍ന്ന വെള്ളത്തിന്റെ അളവാണ് ഇന്നത്തേത്. 8000 ഘനയടി വെള്ളമായിരുന്നു ഈ സീസണില്‍ നേരത്തെ ഏറ്റവും കൂടുതലായി തുറന്നുവിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button