സംവിധായകന് ഒമര്‍ ലുലുവിന്റെ പുതിയ സിനിമ ധമാക്കയ്ക്കെതിരെ ടെലിവിഷന്‍ സീരിയല്‍ ‘ശക്തിമാനി’ലെ നടനും നിര്‍മാതാവുമായ മുകേഷ് ഖന്ന രംഗത്ത്. ശക്തിമാന് കഥാപാത്രവും അതിന്റെ വേഷവും തീം മ്യൂസിക്കും തനിക്ക് കോപ്പി റൈറ്റുള്ളതാണെന്നും അനുമതിയില്ലാതെയാണ് ഈ കഥാപാത്രത്തെ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും ഇക്കാര്യം വിലക്കണമെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് അയച്ച പരാതിയില്‍ മുകേഷ് ഖന്ന ആവശ്യപ്പെട്ടു.
ഭീഷ്മ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ 1997ല്‍ ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തിരുന്ന ഹിറ്റ് സീരിയലാണ് ശക്തിമാന്. ധമാക്ക സിനിമയിലെ ചില രംഗങ്ങളില്‍ മലയാള നടന് മുകേഷ് ശക്തിമാന്റെ വേഷത്തില്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ സംവിധായകന് ഒമര്‍ ലുലുതന്നെയാണ് പുറത്തുവിട്ടത്. സിനിമയിലെ ചില രംഗങ്ങളില്‍ മാത്രമുള്ള ഒരു കോമഡി കഥാപാത്രമാണ് ധമാക്കയിലെ ശക്തിമാനെന്ന വിവരം മുകേഷ് ഖന്നയെ ധരിപ്പിക്കുമെന്നും എന്നിട്ടും അനുമതി ലഭിച്ചില്ലെങ്കില്‍ കോപ്പിറൈറ്റിനെ മാനിച്ച് രംഗങ്ങള്‍ ഒഴിവാക്കുമെന്നും ഒമര്‍ ലുലു പറഞ്ഞു.