മുംബൈ: ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ( ആര്‍ ഐ എല്‍ ) ചെയര്‍മാനുമായ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. സംഭവത്തില്‍ ഒരാളെ മുംബൈ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെ മുംബൈയിലെ ഗിര്‍ഗാവിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലിലെ ലാന്‍ഡ്ലൈന്‍ നമ്പറിലേക്ക് അഫ്സല്‍ എന്നയാള്‍ നിരവധി തവണ ഭീഷണി കോളുകള്‍ വിളിച്ചതായി അധികൃതര്‍ അറിയിച്ചു.
‘അതെ, ഞങ്ങളുടെ ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വധഭീഷണിയുമായി ചില അജ്ഞാതരില്‍ നിന്ന് ഒന്നിന് പുറകെ ഒന്നായി എട്ട് കോളുകള്‍ ലഭിച്ചു. ഞങ്ങള്‍ ഉടന്‍ തന്നെ പോലീസില്‍ പരാതിപ്പെട്ടു. ഞങ്ങള്‍ സ്വന്തം ആഭ്യന്തര സുരക്ഷാ നടപടികളും ആരംഭിച്ചു, മുംബൈ പോലീസില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്,’ ആശുപത്രി സി ഇ ഒ ഡോ. തരംഗ് ഗിയാന്‍ ചന്ദാനി പറഞ്ഞു.
ഇയാള്‍ വിളിച്ച ഫോണ്‍ നമ്പര്‍ പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ കണ്ടെത്തിയത്. ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ട് എന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത് എന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഇയാളെ ഇപ്പോള്‍ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം, മുന്‍കരുതലിന്റെ ഭാഗമായി അംബാനിയുടെ വസതിയായ ആന്റിലിയയുടെ സുരക്ഷയും കുടുംബത്തിന്റെ സ്വകാര്യ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
18 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അംബാനി കുടുംബത്തിന് നേരെ ഭീഷണി സന്ദേശം വരുന്നത്. കഴിഞ്ഞ മാസം മുകേഷ് അംബാനിക്കും കുടുംബത്തിനും മുംബൈയിലുള്ള കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷ തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
അംബാനി കുടുംബത്തിന് സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ത്രിപുര ഹൈക്കോടതി സ്വീകരിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ നല്‍കുന്നതുമായ ബന്ധപ്പെട്ട വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അംബാനിക്കും കുടുംബത്തിനും സുരക്ഷാ ഒരുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം, അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാര്‍ കണ്ടെത്തിയിരുന്നു.
ഇത് മുന്‍ പോലീസുകാര്‍ ഉള്‍പ്പെട്ട ഒരു വലിയ ഗൂഢാലോചനയുടെ ചുരുളഴിച്ചു. മുകേഷ് അംബാനിയെയും നിത അംബാനിയെയും അഭിസംബോധന ചെയ്യുന്ന ഒരു കത്തും കാറില്‍ നിന്ന് കണ്ടെത്തിയതായി അധികൃതര്‍ അന്ന് പറഞ്ഞിരുന്നു. എസ് യു വി ഉടമ മന്‍സുഖ് ഹിരനെ പിന്നീട് താനെയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.