തിരുവനന്തപുരം: ഇറ്റലിയില്‍ കുടുങ്ങിയവരുടെ കൂടെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്റെ ഭാര്യ ഷഫക് ഖാസിമും. കൊറോണ വൈറസ് പടര്‍ന്നതിനെ തുടര്‍ന്നുണ്ടായ യാത്രാ പ്രശ്നങ്ങള്‍ മൂലം നാട്ടിലേക്ക് വരാനാവാതെ വലയുന്നവരില്‍ മുഹമ്മദ് മുഹ്സിന്റെ ഭാര്യയും ഉള്‍പ്പെടുന്ന വിവരം നിയമസഭയില്‍ ചര്‍ച്ചയാവുകയായിരുന്നു.ഉത്തര്‍ പ്രദേശുകാരിയായ ഷഫക് ഇറ്റലിയിലെ കാമറിനോ സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ്. രണ്ട് വര്‍ഷമായി ഇറ്റലിയിലാണ് ഷഫക് ഉള്ളത്.പി.സി. ജോര്‍ജാണ് സഭയില്‍ മുഹ്സിന്റെ ഭാര്യയുടെ കാര്യം ഉന്നയിച്ചത്.
ഭാര്യയെ നേരിട്ടു കാണണമെന്നു പട്ടാമ്പി അംഗത്തിന് ആഗ്രഹമുണ്ടെങ്കിലും വിഡിയോ കോളിലൂടെ മാത്രമേ കാണാന്‍ കഴിയൂ എന്നു പറഞ്ഞു പി.സി ജോര്‍ജ് മുഹ്സിന്റെ ഭാര്യയുടെ വിഷയവും നിയമസഭയില്‍ ഉന്നയിക്കുകയായിരുന്നു. ഡല്‍ഹിയിലെ ജാമിയ മിലിയയില്‍നിന്ന് എംഫില്‍ പൂര്‍ത്തിയാക്കിയ അവര്‍ 2018 മുതല്‍ ഇറ്റലിയില്‍ ഗവേഷണത്തിന് പോയത്. എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ കഴിഞ്ഞാല്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കാമെന്നു മന്ത്രി കെ.കെ ശൈലജ ഉറപ്പു നല്‍കി.കൊറോണ നൂറുകണകിക്ന് ജീവനുകള്‍ കവര്‍ന്നെടുത്ത ഇറ്റലിയിലെ ജനജീവിതം കോവിഡില്‍ പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
ആരും പുറത്തിറങ്ങുന്നില്ല. ഷഫക് സര്‍വകലാശാല നല്‍കിയ അപ്പാര്‍ട്ട്മെന്റിലാണു താമസം.ഇനി സര്‍വകലാശാലയ്ക്കുള്ളില്‍ പ്രവേശിക്കരുതെന്ന അറിയിപ്പ് ഇന്നലെ വന്നു. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ വാങ്ങി വച്ചിട്ടുണ്ട്. കടകള്‍ ഏതു സമയവും അടച്ചേക്കും. ഷഫക്കിനു ഫെലോഷിപ്പുള്ളതു കൊണ്ടു പ്രശ്നമില്ല. എന്നാല്‍ മറ്റു പലരുടേയും കാര്യം ഇതോടെ പ്രതിസന്ധിയിലാകും.
‘അവള്‍ക്കിനി ഉടന്‍ വരാന്‍ കഴിയുമെന്നു തോന്നുന്നില്ല. എയര്‍ ഇന്ത്യ, അലിറ്റാലിയ ഫ്ളൈറ്റുകള്‍ മാത്രമാണ് ഇങ്ങോട്ടുള്ളത്. അതില്‍ എയര്‍ ഇന്ത്യയുടേതു മിക്കതും റദ്ദാക്കിക്കഴിഞ്ഞു. ടിക്കറ്റ് കിട്ടിയാല്‍ തന്നെ കോവിഡ് ഉണ്ടോയെന്നു പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സംവിധാനം ഇറ്റലിയില്‍ വിരളമാണ്. പല ആശുപത്രികളിലും അവളും സുഹൃത്തുക്കളും വിളിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും മുഹ്സിന്‍ പറയുന്നു.