NationalNews

രാഷ്ട്രപതിഭവനിലെ മുഗൾ ഗാർഡൻസ് ഇനി അമൃത് ഉദ്യാൻ, ജനുവരി 29-ന് ഉദ്ഘാടനം

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ പ്രശസ്തമായ ഉദ്യാനം മുഗള്‍ ഗാര്‍ഡന്‍സ് ഇനി പുതിയ പേരില്‍ അറിയപ്പെടും. അമൃത് ഉദ്യാന്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുഗള്‍ ഗാര്‍ഡന്‍സിനെ പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ദിയുടെ 75-ാം വര്‍ഷികത്തോടനുബന്ധിച്ചുള്ള അമൃത് മഹോത്സവുമായി ബന്ധപ്പെട്ടാണ് ഉദ്യാനത്തിന്റെ പേരുമാറ്റം. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയതായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്ത സ്ഥിരീകരിച്ചു.

ജനുവരി 29 ന് അമൃത് ഉദ്യാന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെ പൊതുജനങ്ങള്‍ക്ക് ഉദ്യാനത്തില്‍ പ്രവേശനം അനുവദിക്കും. സാധാരണയായി ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഒരുമാസക്കാലമാണ് പെതുജനങ്ങള്‍ക്ക് ഉദ്യാനത്തില്‍ പ്രവേശനം അനുവദിക്കുന്നത്.

ഇക്കാലത്ത് ഉദ്യാനത്തില്‍ പുഷ്പകാലമാണ്. കര്‍ഷകര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടി ഉദ്യാനസന്ദര്‍ശനം സാധ്യമാകുന്നതിന് വേണ്ടിയാണ് സന്ദര്‍ശനസമയം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് നവിക ഗുപ്ത പറഞ്ഞു.

പതിനഞ്ച് ഏക്കറോളം വിസ്തൃതിയുണ്ട് ഉദ്യാനത്തിന്. ദീര്‍ഘ ചതുരാകൃതിയും വൃത്താകൃതിയും ഇടകലര്‍ന്ന ഉദ്യാനത്തില്‍ ഹെര്‍ബല്‍ ഗാര്‍ഡനും മ്യൂസിക്കല്‍ ഗാര്‍ഡനും സ്പിരിച്വല്‍ ഗാര്‍ഡനുമുണ്ട്. മുഗള്‍ ഭരണകാലത്താണ് ഉദ്യാനം നിര്‍മിച്ചത്. ഉദ്യാനനിര്‍മിതിയ്ക്ക് പേര്‍ഷ്യന്‍രീതിയുടെ സ്വാധീനമുണ്ട്. രാഷ്ട്രപതി ഭവനെ അത്യാകര്‍ഷകമാക്കുന്നതില്‍ ഉദ്യാനത്തിന് ഗണ്യമായ പങ്കുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button