തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കേരളം നിര്‍ണായ ലീഡ് വഴങ്ങി. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 251നെതിരെ കേരളം 244 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഏഴ് റണ്‍സിന്റെ ലീഡാണ് മുംബൈ നേടിയത്. 65 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. രോഹന്‍ കുന്നുമ്മല്‍ (56) അര്‍ധ സെഞ്ചുറി നേടി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 38 റണ്‍സെടുക്കാനാണ് സാധിച്ചത്. ഒരു ഘട്ടത്തില്‍ മികച്ച നിലയിലായിരുന്ന കേരളത്തെ ഏഴ് വിക്കറ്റ് നേടിയ മോഹിത് അവാസ്തിയാണ് തകര്‍ത്തത്.
മോശമല്ലാത്ത തുടക്കമാണ് കേരളത്തിന് ലഭിച്ചിരുന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹന്‍ – കൃഷ്ണ പ്രസാദ് (21) സഖ്യം 46 റണ്‍സ് ചേര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുകയെന്ന രീതിയാണ് ഇരുവരും സ്വീകരിച്ചത്. എന്നാല്‍ എട്ടാം ഓവറിലെ ആദ്യ പന്തില്‍ കൃഷ്ണ പ്രസാദിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ ഇന്നിംഗ്‌സ്.
പിന്നീടെത്തിയ രോഹന് പ്രേമിന് (0) നാല് പന്ത് മാത്രമായിരുന്നു ആയുസ്. ഇതോടെ രണ്ടിന് 46 എന്ന നിലയിലായി കേരളം. തുടര്‍ന്ന് സച്ചിന്‍ ബേബി – രോഹന്‍ സഖ്യം പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇരുവരും 63 റണ്‍സ് കൂട്ടിചേര്‍ത്തു. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി ഉടന്‍ രോഹനെ, ദുബെ ബൗള്‍ഡാക്കി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്.
പിന്നാലെ സഞ്ജു ക്രീസിലേക്ക്. ഏകദിന ശൈലിയിലാണ് സഞ്ജു ബാറ്റ് വീശിയത്. സച്ചിന്‍ ബേബിക്കൊപ്പം 61 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് സഞ്ജു മടങ്ങുന്നത്. ഷംസ് മുലാനിയുടെ പന്തില്‍ ദുബെയ്ക്ക് ക്യാച്ച്. അഞ്ച് ബൗണ്ടറികള്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെടും. തുടര്‍ന്നെത്തിയ വിഷ്ണു വിനോദ് (29), ശ്രേയസ് ഗോപാല്‍ (12), ജലജ് സക്‌സേന (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
ബേസില്‍ തമ്പി (1), വിശ്വേഷര്‍ സുരേഷ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നിതീഷ് എം ഡി (6) പുറത്താവാതെ നിന്നു. ഇതിനിടെ സച്ചിന്‍ ബേബിയെ തനുഷ് കോട്യന്‍ വിക്കറ്റിന് മുന്നില്‍ കുടക്കി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈയെ കേരളം 251ന് എറിഞ്ഞിടുകയായിരുന്നു. തനുഷ് കൊട്യന്‍ (56), ഭുപന്‍ ലാല്‍വാനി (50), ശിവം ദുബെ (51) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ തിളങ്ങിയത്. ഇന്ത്യന്‍ സീനിയര്‍ താരവും മുംബൈ ക്യാപ്റ്റനുമായി അജന്‍ക്യ രഹാനെ ഗോള്‍ഡന്‍ ഡക്കായി. മുംബൈയുടെ ഇന്നിംഗ്‌സിന് ശേഷം ആദ്യ ദിവസത്തെ കളി നിര്‍ത്തിവെക്കുകയായിരുന്നു. ശ്രയസിന് പുറമെ ബേസില്‍ തമ്പി, ജലജ് സക്സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, രോഹന്‍ പ്രേം, കൃഷ്ണ പ്രസാദ്, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ശ്രേയസ് ഗോപാല്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിതീഷ് എം ഡി, വിശ്വേഷര്‍ സുരേഷ്.