സഭയിൽ ഇല്ലാത്ത എം.പിക്കും സസ്‌പെൻഷൻ; പിശക് പറ്റിയെന്ന് വിശദീകരണം

ന്യൂഡല്‍ഹി: സഭാ നടപടികള്‍ തടസപ്പെടുത്തിയതിന് ലോക്‌സഭയില്‍നിന്ന് സസ്‌പെന്‍ഡുചെയ്ത 14 എം.പിമാരില്‍ സഭയില്‍ എത്താത്ത ഡിഎംകെ എം.പിയും. ഇക്കാര്യം വ്യക്തമായതോടെ പിശക് പറ്റിയതാണെന്ന വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി. 13 എം.പിമാരെ മാത്രമാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി വ്യക്തമാക്കി.

ലോക്‌സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത 14 എംപിമാരുടെ പട്ടികയില്‍ ഡി.എം.കെ എം.പി എസ്.ആര്‍ പാര്‍ഥിപന്റെ പേരും ആദ്യം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ബുധനാഴ്ച അദ്ദേഹം സഭയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചെന്നൈയില്‍ ആയിരുന്നുവെന്നും ഡിഎംകെ എം.പിമാര്‍ പറഞ്ഞിരുന്നു. ഇതോടെയാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ ഒരാളുടെ പേര് ഉള്‍പ്പെടുത്തിയതില്‍ പിശക് പറ്റിയെന്ന് വ്യക്തമാക്കി കേന്ദ്രം രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം പാര്‍ലമെന്റിലുണ്ടായ സുരക്ഷാവീഴ്ച സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സഭ തടസപ്പെടുത്തിയതിന്റെ പേരില്‍ പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ നടപടി വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News