മുംബൈ: പ്രതിഷേധങ്ങൾക്കു പിന്നാലെ റദ്ദാക്കിയ കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവന്നേക്കുമെന്ന സൂചന നൽകി കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങൾ കാർഷിക ഭേദഗതി നിയമങ്ങൾ കൊണ്ടുവന്നു. പക്ഷെ, ചില ആളുകൾക്ക് ആ നിയമങ്ങൾ ഇഷ്ടമായില്ല. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്കു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന വൻ പരിഷ്കാരമായിരുന്നു അവ, തോമർ പറഞ്ഞു. എന്നാൽ സർക്കാരിന് നിരാശയില്ല. ഞങ്ങൾ ഒരു ചുവടു പിന്നോട്ടുവെച്ചു. പക്ഷെ ഞങ്ങൾ വീണ്ടും മുന്നോട്ടുപോകും, കാരണം കർഷകരാണ് ഇന്ത്യയുടെ നട്ടെല്ല്, തോമർ കൂട്ടിച്ചേർത്തു.
Will farm laws make a come-back??? Union agri minister Narendra Tomar @nstomar drops hint during the inauguration of Agro Vision Expo in Nagpur on Friday. @ndtv pic.twitter.com/HDvateXQ6h
— Mohammad Ghazali (@ghazalimohammad) December 25, 2021
ലക്ഷക്കണക്കിന് കർഷകരുടെ ഒരുവർഷത്തിലധികം നീണ്ട പ്രതിഷേധത്തിന്റെ ഫലമായാണ് മൂന്ന് വിവാദകാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറായത്. നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. തുടർന്ന് നിയമം പിൻവലിക്കാനുള്ള ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്യുകയായിരുന്നു.