KeralaNews

നവകേരള സദസ്സിനെതിരായ നീക്കം നാടിനെതിരായ നീക്കം, കോൺഗ്രസ് തിരുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള സദസ്സിനെതിരായ നീക്കം നാടിനെതിരായ നീക്കമായിട്ട് ജനങ്ങൾ കരുതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവണതകൾ തിരുത്താൻ കോൺ​ഗ്രസ് തയ്യാറാകണമെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന് ലഭിക്കുന്ന യുവതലമുറയുടെ പിന്തുണ ചിലരയെല്ലാം അസ്വസ്ഥരാക്കുന്നുണ്ട്. നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തിൽ വാഹനത്തിനു മുമ്പിൽ ചാടി വീഴുകയായിരുന്നു മാർഗമെങ്കിൽ പിന്നീട് ഒരു ഘട്ടത്തിൽ ബസിന് നേരെ ‘ഷൂ’ എറിയുന്ന നിലയിലേക്കെത്തി. ഒടുവിൽ ഈ അക്രമ മനോഭാവം നവകേരള സദസ്സുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രചരണ സാമഗ്രികളുടെ നേരെയായി. ഇന്നലെയും മിനിയാന്നുമായി തലസ്ഥാനത്ത് നൂറ് കണക്കിന് ബോർഡുകളും ബാനറുകളുമാണ് തകർത്തത്.

പ്രചാരണ സാമഗ്രികൾ നശിപ്പിക്കുക, പോലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിയുക എന്ന നിലയിലേക്ക് സ്ഥിതിയെത്തി അത്ര പകയാണ് നവകേരള സദസ്സിനോട് ഇവർക്കുള്ളത്. സാമൂഹ്യ വിരുദ്ധ മനോഭാവത്തിൽ നിന്ന് ഉടലെടുത്ത ആക്രമണ മനോഭാവമാണ് ഇത്. നവകേരള സദസ്സിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളിൽ ആർക്കും വിദ്വേഷം വരേണ്ട കാര്യങ്ങൾ ഇല്ല. ആ ബോർഡുകൾ തകർക്കുന്നതിലൂടെ തങ്ങൾ ഈ നാടിനെതിരാണ് എന്ന പ്രഖ്യാപനമാണ് ഇതിലൂടെ അവർ നടത്തുന്നത്.

ജനങ്ങൾ നവകേരള സദസ്സ് നാടിന്റെ ഒരു പരിപാടിയായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. അപ്പോൾ നവകേരള സദസ്സിനെതിരായ നീക്കമെന്ന് പറയുമ്പോൾ അത് നാടിനെതിരായ നീക്കമായിട്ടാണ് കരുതുക. നാടിനോട് താത്പര്യമുള്ളവർക്ക് നവകേരള സദസ്സിനോട് ഒരു വിപ്രതിപത്തിയും ഉണ്ടാകേണ്ട കാര്യമില്ല. ഇത് തെറ്റായ നിലപാടാണ്. ഇനി ഒരു ദിവസം മാത്രമാണ് പരിപാടി സമാപിക്കാനുള്ളത്. ഇനി ഒരു ദിവസം കൂടിയാണെങ്കിലും തിരുത്താൻ പറ്റുമെങ്കിൽ അത് തിരുത്തുന്നതാണ് നല്ലത്. പൊതുധാരയോട് ഒപ്പം നിന്ന് കേരളത്തിന് വേണ്ടി ശബ്ദം ഉയർത്തുന്ന നില കോൺഗ്രസ് നേതൃത്വം സ്വീകരിക്കണമെന്നാണ് അഭ്യർഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു

വെഞ്ഞാറമൂട്ടിൽ പോലീസ് സ്റ്റേഷൻ വളപ്പിൽ കയറി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പഞ്ചായത്തംഗമുൾപ്പെടെയുള്ള കോൺഗ്രസുകാരെ മർദിച്ച സംഭവവും, ആറിങ്ങലിൽ കോൺ​ഗ്രസ് പ്രവർത്തകന്റെ വീട് ആക്രമിച്ച വിഷയവും ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകയോട് അത് പോലീസ് നോക്കിക്കോളുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

നവകേരള സദസ്സുമായി ബന്ധപ്പെട്ട് ആറ്റിങ്ങലിൽ 6238 നിവേദനങ്ങളും, നെടുമങ്ങാട് 4501 നിവേദനങ്ങളും ചിറയിൻകീഴ് മണ്ഡലത്തിൽ 4364 നിവേദനങ്ങളും ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരാതി പരിഹാരവുമായി ബന്ധപ്പെട്ട ഫലപ്രദമായ നടപടികളാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യം ചീഫ് സെക്രട്ടറി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button