പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത മകന് മോട്ടോര്‍സൈക്കിള്‍ ഡ്രൈവിങ് പരിശീലനം നല്‍കിയ പിതാവിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. അഞ്ച് വയസ്സുള്ള മകന് ഡ്രൈവിങ് പരിശീലനം നല്‍കിയ പിതാവ് പെരിന്തല്‍മണ്ണ തേലക്കാട് സ്വദേശി അബ്ദുല്‍ മജീദിന്റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയത്.
ഡിസംബര്‍ 31ന് രാവിലെ കാപ്പ്-തേലക്കാട് റോഡില്‍ ചെറിയ കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുന്ന വീഡിയോ ദൃശ്യം പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ് വര്‍ഗീസിന് ഒരാള്‍ ഷൂട്ട് ചെയ്തു നല്‍കുകയായിരുന്നു. ജോയിന്റ് ആര്‍ടിഒ യു മുജീബിന്റെ നിര്‍ദേശപ്രകാരം വീഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
ആ സമയം വാഹനം ഓടിച്ചിരുന്നത് തേലക്കാട് സ്വദേശി അബ്ദുല്‍ മജീദ് ആയിരുന്നു എന്നും അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനം കെ എല്‍ 53 എ 785 ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ആണെന്നും തെളിഞ്ഞു. ഡ്രൈവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ജോ. ആര്‍ടിഒ നിര്‍ദേശിച്ചു. അതുപ്രകാരം അബ്ദുല്‍ മജീദിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വാഹനത്തില്‍ തത്സമയം ഉണ്ടായിരുന്നത് മകനാണെന്ന് മജീദ് കുറ്റസമ്മതം നടത്തി. അതേതുടര്‍ന്നാണ് മജീദിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയത്.