ഇടുക്കി: വാഗമണ്ണില്‍ (Vagamon) സംഘടിപ്പിച്ച ഓഫ് റോഡ് റൈഡില്‍ (Off Road Ride) പങ്കെടുത്ത സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജ്ജിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കും.
അപകടകരമായ രീതിയില്‍ വാഹം ഓടിച്ചതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജോയിന്റ് ആര്‍ടിഒക്ക് നിര്‍ദ്ദേശം നല്‍കിയതായി ഇടുക്കി ആര്‍ടിഒ പറഞ്ഞു.
സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെ സംഘടിപ്പിച്ച പരിപാടി പ്ലാന്റേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിൽ പങ്കെടുത്ത നടനും സംഘാടകർക്കുമെതിരെ കേസെടുക്കണമെന്നും കെ.എസ്.യു. ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ആവശ്യപ്പെട്ടിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് കളക്ടർ, ജില്ലാ പോലീസ് മേധാവി, ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്ക് ടോണി തോമസ് പരാതി നൽകിയത്.
വാഗമൺ എം.എം.ജെ. എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയില തോട്ടത്തിൽ ശനിയാഴ്ചയാണ് ഓഫ് റോഡ് റൈഡ് മത്സരം സംഘടിപ്പിച്ചത്. ഇതിൽ തന്റെ ജീപ്പ് റാംഗ്ലറുമായാണ് ജോജു ജോർജ് പങ്കെടുത്തത്. റൈഡ് പൂർത്തിയാക്കിയ ശേഷം ആഹ്‌ളാദം പ്രകടിപ്പിക്കുന്ന ജോജുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
കൃഷിക്കായി മാത്രമേ ഉപയോഗിക്കാവൂവെന്ന നിബന്ധനയുള്ള ഭൂമിയിലാണ് നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാൻറേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് കെ.എസ്.യുവിന്റെ ആരോപണം.
ജോജുവിന്റെ നേതൃത്വത്തിൽ നടന്ന ഓഫ് റോഡ് റൈഡിൽ യാതൊരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. അപകടകരമായ രീതിയിലാണ് പരിപാടി നടത്തിയതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ജില്ലാ ഭരണകൂടത്തിന്റെയോ പോലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ അനുമതി ഇല്ലാതെയാണ് പരിപാടി നടത്തിയതെന്നും പരാതിയിൽ പറയുന്നു.