KeralaNews

നിയമം പാലിച്ച് വണ്ടി ഓടിച്ചാല്‍ 300 രൂപയുടെ പെട്രോള്‍ സൗജന്യം! ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സൗജന്യ ഇന്ധന വിതരണവുമായി മോട്ടോര്‍ വാഹന വകുപ്പ്

മലപ്പുറം: നിയമം ലംഘിച്ചാല്‍ പിഴ ലഭിക്കും. നിയമം പാലിച്ചാലോ? മലപ്പുറത്ത് ആണെങ്കില്‍ 300 രൂപയുടെ പെട്രോളും ലഭിക്കും. മലപ്പുറത്ത് സൗജന്യ പെട്രോള്‍ വിതരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. നിയമം പാലിച്ച് വാഹന യാത്ര നാടത്തുന്നവര്‍ക്കാണ് ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സൗജന്യ ഇന്ധന വിതരണം നടത്തിയത്. 300 രൂപയുടെ ഇന്ധനമാണ് സമ്മനമായി നല്‍കിയത്.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചതോടെ ആശങ്കയോടെയാണ് പലരും വാഹനങ്ങള്‍ നിര്‍ത്തിയത്. കാര്യമറിഞ്ഞപ്പോള്‍ ആശങ്ക സന്തോഷത്തിന് വഴിമാറി. ഇന്ധന വില കുതിച്ചുയരുന്ന കാലത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ സമ്മാനത്തില്‍ യാത്രക്കാരും ഡബിള്‍ ഹാപ്പി.

ഇന്ധന കൂപ്പണ്‍ ആണ് മോട്ടോര്‍ വാഹന വകുപ്പ് സൗജന്യമായി നല്‍കുന്നത്. മുന്നൂറ് രൂപയുടെ ഈ കൂപ്പണ്‍ ഉപയോഗിച്ച് ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ പോയി ഇന്ധനം നിറയ്ക്കാം. അഞ്ഞൂറോളം പേര്‍ക്കാണ് ഈ സമ്മാനം ഇന്ന് ലഭിച്ചത്.

മോട്ടോര്‍ വാഹന വകുപ്പും മലപ്പുറം ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനും സംയുക്തമായാണ് ഇന്ധന കൂപ്പണ്‍ സമ്മാനമായി നല്‍കുന്നത്. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ തുടരാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button