ബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റിലേക്ക് മോട്ടോ E7 പവർ അവതരിപ്പിച്ച് മോട്ടോറോള. ഇതോടെ മോട്ടോറോള E7 ശ്രേണിയിൽ രണ്ട് ഫോണുകളായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മോട്ടോ E7 പ്ലസ് മോട്ടോറോള അവതരിപ്പിച്ചിരുന്നു. മികച്ച ബാറ്ററി, ഡ്യുവൽ കാമറ, സ്റ്റോക്ക് ആൻഡ്രോയിഡ് എന്നിവയുമായാണ് പുതിയ ഫോൺ എത്തിയിരിക്കുന്നത്.
2 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജ്, 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമായ മോട്ടോ E7 പവറിന് യഥാക്രമം 7,499 രൂപയും 8,299 രൂപയുമാണ് വില. കോറൽ റെഡ്, താഹിതി ബ്ലൂ എന്നീ നിറങ്ങളിൽ വാങ്ങാവുന്ന മോട്ടോ E7 പവർ ഈ മാസം 26 മുതൽ ഫ്ലിപ്കാർട്ടിലൂടെ ലഭിക്കും.
സ്റ്റോക്ക് ആൻഡ്രോയിഡ് 10ൽ പ്രവർത്തിക്കുന്ന മോട്ടോ E7 പവറിന് 6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) മാക്‌സ് വിഷൻ ഡിസ്‌പ്ലേയാണ്. 20:9 ആസ്പെക്ട് റേഷ്യോ ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. 4 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 25 SOC പ്രോസസ്സർ ആണ് ഫോണിന്.13 മെഗാപിക്സൽ പ്രൈമറി സെൻസറും (എഫ് / 2.0 ലെൻസ്), 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും (എഫ് / 2.4 മാക്രോ ലെൻസ്) ചേർന്ന ഡ്യുവൽ റിയർ ക്യാമറയാണ് മോട്ടോ E7 പവറിന്. മോട്ടോ E7 പവറിന്റെ മുൻവശത്ത് എഫ് / 2.2 ലെൻസുള്ള 5 മെഗാപിക്സൽ ക്യാമറയാണ്.
പോർട്രെയിറ്റ് മോഡ്, പനോരമ, ഫെയ്സ് ബ്യൂട്ടി, മാക്രോ വിഷൻ, മാനുവൽ മോഡ്, എച്ച്ഡിആർ എന്നീ മോഡലുകൾ ഹാൻഡ്‌സെറ്റിന്റെ ക്യാമെറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഫോണിന്റെ 32 ജിബി, 64 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകൾ മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെയായി വർദ്ധിപ്പിക്കാം. 10W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്.
ഒരുതവണ ചാർജ് ചെയ്താൽ 76 മണിക്കൂർ മ്യൂസിക് സ്ട്രീമിംഗ്, 14 മണിക്കൂർ വീഡിയോ സ്ട്രീമിംഗ് അല്ലെങ്കിൽ 12 മണിക്കൂർ വെബ് ബ്രൗസിംഗ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. 4ജി വോൾട്ട്, വൈ-ഫൈ 802.11 ബി/ജി/എൻ, ബ്ലൂടൂത്ത് 5.0, ജിപിഎസ്/എ-ജിപിഎസ്, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.
ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെൻസർ, ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഫോണിലുണ്ട്.