ബെംഗളൂരു: ആറുവയസ്സുകാരിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനായ ജി.എൻ. മോഹൻ ആണ് അറസ്റ്റിലായത്. ഐസ്‌ക്രീം കാറിനുള്ളിൽ വീണതിന് പ്രതി കുട്ടിയെ മർദിച്ചെന്നും വായ പൊത്തിപ്പിടിച്ചെന്നും ഇതാണ് മരണകാരണമെന്നും പോലീസ് വ്യക്തമാക്കി. ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചതായും പോലീസ് പറഞ്ഞു.
ദാവണഗെരെ സ്വദേശിയായ പ്രവീണിന്റെയും അഭിഭാഷകയായ പ്രിയങ്കയുടെയും മകൾ വെണ്ണില(6)യാണ് മാർച്ച് 24-ന് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. പ്രവീണും പ്രിയങ്കയും ഈ വർഷമാദ്യം വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. തുടർന്ന് ദമ്പതിമാരുടെ മൂത്തമകൾ പ്രവീണിനൊപ്പവും രണ്ടാമത്തെ മകളായ വെണ്ണില പ്രിയങ്കയ്‌ക്കൊപ്പവുമായിരുന്നു താമസം. പിന്നീട് പ്രിയങ്കയുടെ കോളേജിലെ സുഹൃത്തായിരുന്ന മോഹൻ പ്രിയങ്കയ്ക്കും മകൾക്കും ഒപ്പം താമസമാരംഭിച്ചു. ബെംഗളൂരുവിലെ ആഡംബരവില്ലയിലായിരുന്നു അഭിഭാഷകയായ പ്രിയങ്കയും ആൺസുഹൃത്തും താമസിച്ചുവന്നിരുന്നത്.
മാർച്ച് 24-നാണ് ആറുവയസ്സുകാരിയായ വെണ്ണില ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മകളുടെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് പ്രവീൺ തുടക്കംമുതലേ ആരോപിച്ചിരുന്നു. മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇദ്ദേഹം പോലീസിൽ പരാതിയും നൽകി. പോലീസ് സംഘം ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് മർദനമേറ്റതടക്കം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമായിരുന്നു. ഒളിവിൽപോയ മോഹനെ ജൂൺ നാലാം തീയതിയോടെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ കുട്ടിയെ മർദിച്ചതായും കരഞ്ഞപ്പോൾ വായയും മൂക്കും പൊത്തിപ്പിടിച്ചതായും ഇയാൾ സമ്മതിക്കുകയായിരുന്നു.
സംഭവദിവസം പ്രിയങ്കയും മകളും മോഹനും ഷോപ്പിങ്ങിന് പോയിരുന്നു. ഇതിനുശേഷം മൂവരും ഹൊസ്‌കോട്ടിലേക്ക് ഭക്ഷണം കഴിക്കാനായി പോയി. ഇവിടെനിന്ന് ബിരിയാണിയും ഐസ്‌ക്രീമും വാങ്ങി. തിരികെ കാറിൽ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ പെൺകുട്ടിയുടെ കൈയിലുണ്ടായിരുന്ന ഐസ്‌ക്രീം കാറിനുള്ളിൽ വീണു. കാറിലെ സീറ്റിലും മാറ്റിലും ഐസ്‌ക്രീം പരന്നൊഴുകി. ഇത് പ്രതിയെ പ്രകോപിപ്പിച്ചു. പിന്നാലെ മറ്റൊരു ഐസ്‌ക്രീം വേണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കരയാൻ തുടങ്ങി. ഇത് പ്രതിയെ കൂടുതൽ പ്രകോപിപ്പിച്ചെന്നും തുടർന്ന് കൈമുട്ട് കൊണ്ട് കുട്ടിയുടെ വയറിൽ തുടരെ ഇടിച്ചെന്നുമാണ് പോലീസ് പറയുന്നത്. കരച്ചിൽ നിർത്താനായി കുട്ടിയുടെ വായും മൂക്കും പ്രതി പൊത്തിപ്പിടിച്ചെന്നും പോലീസ് പറഞ്ഞു.
ശ്വാസംമുട്ടിയും ആന്തരികമായ പരിക്കും കാരണമാണ് കുട്ടി മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. പോലീസ് സംഘം കാറിൽ ഫൊറൻസിക് പരിശോധനയും നടത്തി. തുടർന്നാണ് പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. അതേസമയം, പ്രിയങ്ക ഇപ്പോഴും ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
2025 നവംബറിലാണ് കോളേജിലെ സുഹൃത്തായിരുന്ന മോഹനെ പ്രിയങ്ക വീണ്ടും കണ്ടുമുട്ടിയതെന്നാണ് കേസിലെ പരാതിക്കാരനായ പ്രവീൺ പറയുന്നത്. കോളേജ് പഠനകാലത്ത് മോഹനും പ്രിയങ്കയും കമിതാക്കളായിരുന്നുവെന്നും ഇദ്ദേഹം ആരോപിച്ചു.
ഈ വർഷം ജനുവരിയിലാണ് പ്രിയങ്ക വിവാഹമോചനത്തിന് നിർബന്ധിച്ചത്. സമ്മർദം ചെലുത്തി വിവാഹമോചന രേഖകൾ ഒപ്പിട്ടുവാങ്ങി. തുടർന്ന് മോഹനും പ്രിയങ്കയും ബെംഗളൂരുവിലെ ആഡംബരവില്ലയിൽ ഒരുമിച്ച് താമസവും തുടങ്ങി. മോഹൻ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്. ഇവരെ ഉപേക്ഷിച്ചാണ് പ്രിയങ്കയ്‌ക്കൊപ്പം താമസം ആരംഭിച്ചത്. പ്രിയങ്കയ്‌ക്കൊപ്പം താമസം തുടങ്ങിയ മോഹനെ ഇയാളുടെ ഭാര്യ തിരഞ്ഞുവരികയും ഇവർ തമ്മിൽ വഴക്കുണ്ടാവുകയുംചെയ്തിരുന്നു. മകൾ മരിച്ചതിന് മൂന്നുദിവസം മുൻപ് പ്രിയങ്കയും മോഹനും ഒരുമിച്ച് മധുരയിലേക്ക് യാത്രപോയിരുന്നു. മാർച്ച് 24-ന് ഈ യാത്ര കഴിഞ്ഞെത്തിയശേഷമാണ് മകളെയും കൂട്ടി പുറത്തുപോയതെന്നും പ്രവീൺ പറഞ്ഞു.

