പുണെ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഐ.ടി. ജീവനക്കാരിയായ യുവതിക്ക് 6.7 ലക്ഷം രൂപ നഷ്ടമായി. സഹോദരന്റെ ശബ്ദം കൃത്രിമമായി സൃഷ്ടിച്ച് ഫോണ്‍വിളിച്ചാണ് തട്ടിപ്പ് നടത്തിയത്. പുണെയിലെ മഗര്‍പട്ട നഗരത്തിലെ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് പണം നഷ്ടമായത്.
സെപ്റ്റംബര്‍ 15-നാണ് സംഭവമുണ്ടായത്. അമ്മയ്ക്ക് സുഖമില്ലെന്നും ചികിത്സയ്ക്കായി പണം വേണം എന്നും ആവശ്യപ്പെട്ടാണ് സഹോദരന്റെ ശബ്ദത്തില്‍ ഫോണ്‍ വന്നത്. തുടര്‍ന്ന് യുവതി 6.7 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.
ഛത്തീസ്ഗഡിലെ ബിലാസ്പുര്‍ സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. ജോലിക്കായാണ് ഇവര്‍ പുണെയില്‍ എത്തിയത്. സംഭവത്തില്‍ യുവതി പുണെ സൈബര്‍ പോലീസില്‍ പരാതി നല്‍കി. പരിശോധനയ്ക്ക് ശേഷം കേസ് ഹദപ്‌സര്‍ പോലീസിന് കൈമാറി.
തന്റെ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പിലേക്കാണ് സഹോദരന്റെ ശബ്ദത്തില്‍ ഫോണ്‍ വന്നത് എന്ന് യുവതി പറഞ്ഞു. സഹോദരന്റെ പേരാണ് ഫോണ്‍ വന്നപ്പോള്‍ വിളിക്കുന്നയാളുടെ പേരായി സ്‌ക്രീനില്‍ കാണിച്ചത് എന്നും യുവതി പറയുന്നു. ഫോണെടുത്തപ്പോള്‍ സഹോദരന്റെ അതേ ശബ്ദത്തിലാണ് മറുവശത്തുള്ളയാള്‍ സംസാരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയുടെ ചികിത്സയ്ക്ക് പണം വേണമെന്നാണ് ഫോണ്‍ ചെയ്തയാള്‍ പറഞ്ഞതെന്നും യുവതി പറഞ്ഞു.
ഇത് കേട്ടതോടെ പരിഭ്രാന്തിയിലായ യുവതി മറ്റൊന്നും ആലോചിക്കാതെ വിളിച്ചയാള്‍ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് ഒരുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. സഹോദരന്റെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ പണം പിന്‍വലിക്കാനുള്ള പ്രതിദിന പരിധി കഴിഞ്ഞുവെന്നും അതിനാല്‍ മറ്റൊരു അക്കൗണ്ടിലേക്ക് പണം ഇടണമെന്നും പറഞ്ഞ് യുവതിയെ ബോധ്യപ്പെടുത്തി.
പണം അയച്ച ഉടന്‍ യുവതിയുടെ ഫോണില്‍ ‘റെഡ് അലര്‍ട്ട്’ വന്നിരുന്നു. പിന്നീട് അമ്മയുടെ ആരോഗ്യത്തെ കുറിച്ചറിയാനായി യുവതി തിരികെ വിളിച്ചു. അമ്മയുടെ സ്ഥിതി ഗുരുതരമാണെന്നും ആശുപത്രിയില്‍നിന്ന് വിളിക്കുമെന്നുമായിരുന്നു ലഭിച്ച മറുപടി.
തുടര്‍ന്ന് മറ്റൊരു നമ്പറില്‍ നിന്ന് യുവതിക്ക് ഫോണ്‍ വന്നു. ആശുപത്രിയില്‍നിന്നാണെന്ന് പരിചയപ്പെടുത്തിയ ആള്‍ അമ്മയുടെ ശസ്ത്രക്രിയയ്ക്കായി 5.7 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. മറ്റൊരു അക്കൗണ്ട് നമ്പര്‍ അയച്ച് അതിലേക്ക് പണം അയക്കാനാണ് അയാള്‍ ആവശ്യപ്പെട്ടത്.
സുഹൃത്തുക്കളില്‍നിന്ന് കടം വാങ്ങിയാണ് യുവതി ഈ തുക നല്‍കിയത്. പിന്നീട് യുവതിയുടെ സുഹൃത്തുക്കളില്‍ ഒരാള്‍, അവരുടെ സഹോദരനെ വിളിച്ച് അമ്മയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി മനസിലാവുന്നത്.
പണം അയച്ച ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന് പോലീസ് അറിയിച്ചു. വിളിച്ച നമ്പറിന്റെ വിശദാംശങ്ങള്‍ അറിയാനായി മെസേജിങ് ആപ്പിനും അക്കൗണ്ട് വിവരങ്ങള്‍ തേടി ബാങ്കിനും പോലീസ് ഇ-മെയില്‍ അയച്ചിട്ടുണ്ട്.
ജനറേറ്റീവ് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സഹോദരന്റെ ശബ്ദത്തില്‍ ഫോണ്‍ വിളിച്ചതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറഞ്ഞു. അടുത്തിടെ കോഴിക്കോട് എ.ഐ. ഉപയോഗിച്ച് സുഹൃത്തിന്റെ രൂപത്തിലും ശബ്ദത്തിലും വീഡിയോ കോള്‍ ചെയ്ത് പണം തട്ടിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.