CrimeKeralaNews

അമ്മായിഅമ്മയ്ക്ക് ക്രൂരമര്‍ദ്ദനം;മരുമകൾ കസ്റ്റഡിയിൽ

കൊല്ലം: തെക്കുംഭാഗം തേവലക്കരയില്‍ വയോധികയ്ക്ക് മരുമകളുടെ ക്രൂരമര്‍ദനം. തേവലക്കര സ്വദേശിയായ ഏലിയാമ്മ വര്‍ഗീസിനെ(80)യാണ് മകന്റെ ഭാര്യയായ മഞ്ജുമോള്‍ തോമസ്(42) കുടുംബവഴക്കിനെ തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഏലിയാമ്മയുടെ പരാതിയില്‍ മഞ്ജുമോള്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുകളടക്കം ചുമത്തി കേസെടുക്കുമെന്ന് തെക്കുംഭാഗം പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം മരുമകളില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നാണ് ഏലിയാമ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. മാസങ്ങളായി മരുമകള്‍ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പരാതിയിലുണ്ടായിരുന്നു. പ്രതി മഞ്ജുമോള്‍ തോമസ് 80കാരിയെ മര്‍ദിക്കുന്ന ചില ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെയും ഏലിയാമ്മയുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ അധ്യാപികയാണെന്നാണ് വിവരം.

മാസങ്ങള്‍ക്ക് മുന്‍പ് മഞ്ജുമോളില്‍നിന്ന് ഏലിയാമ്മയ്ക്ക് മര്‍ദനമേറ്റ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏലിയാമ്മയെ നിലത്തേക്ക് പിടിച്ചുതള്ളുന്നതും മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വയോധികയോട് ആക്രോശിക്കുന്ന പ്രതി, വീഡിയോ പകര്‍ത്തുന്നയാള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. മരുമകള്‍ നിലത്തേക്ക് തള്ളിയിട്ടശേഷം ഏലിയാമ്മ പണിപ്പെട്ട് എഴുന്നേറ്റ് വരുന്നതും ഞാനൊന്നും പറഞ്ഞില്ലല്ലോ ഇനി അല്പനേരം കിടന്നോട്ടെയെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ഏലിയാമ്മയുടെ മകന്‍തന്നെയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് വിവരം. അതേസമയം, ഏതുദിവസമാണ് ഈ സംഭവമുണ്ടായതെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച വ്യക്തതവരുത്താന്‍ പൊലീസ് ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. നേരത്തെയും പലതവണ മഞ്ജുമോള്‍ തോമസ് ഏലിയാമ്മയെ മര്‍ദിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ളവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button