തൃശൂർ:ആരെങ്കിലും അടുത്തു വന്നാല്‍ ഞാന്‍ വീടിനു തീയിടും..’ വീട്ടുസാധനങ്ങള്‍ വാരിവലിച്ചിട്ടു മണ്ണെണ്ണയൊഴിച്ച ശേഷം തീപ്പെട്ടി തിരഞ്ഞു നടന്നു കൊണ്ട് ഒരു എട്ടാം ക്ലാസുകാരന്‍ മുഴക്കിയ ഭീഷണികേട്ട് പോലീസടക്കം ഒരു നിമിഷത്തേക്ക് പകച്ചുപോയി.
ഓണ്‍ലൈന്‍ ഗെയിമായ ‘ഫ്രീഫയര്‍’ മൊബൈല്‍ ഫോണില്‍ നിന്ന് അമ്മ ഡിലീറ്റ് ചെയ്തതിന്റെ ദേഷ്യത്തിലാണ് കുട്ടി ഭീഷണി മുഴക്കിയത്. മകന്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട വിവരം അമ്മ അറിയിച്ചതോടെ സ്ഥലത്തെത്തിയ പോലീസ് സംഘം ശാന്തമായി സംസാരിച്ച് ഒരുവിധം കുട്ടിയെ പുറത്തെത്തിച്ചു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു.
വടക്കാഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം മൊബൈല്‍ ഗെയിമിന് അടിമപ്പെട്ട ഒരു വിദ്യാര്‍ത്ഥി കാട്ടിക്കൂട്ടിയ പരാക്രമത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
എട്ടാം ക്ളാസ്സില്‍ പഠിക്കുന്ന മകന്‍. ആറാം ക്ളാസില്‍ പഠിക്കുന്ന അവന്റെ അനുജത്തി. വീട്ടുജോലികഴിഞ്ഞാല്‍ അമ്മ രണ്ടുമക്കളുടേയും പഠനത്തില്‍ ശ്രദ്ധിക്കുക പതിവായിരുന്നു. ഗള്‍ഫില്‍ ജോലിയുള്ള അച്ഛന്‍ ദിവസവും വീഡിയോകോളിലൂടെ വിശേഷങ്ങള്‍ അറിയാന്‍ വിളിക്കുമ്ബോള്‍ മകന്‍ തന്‍െറ ആഗ്രഹമായ ഒരു മൊബൈലിനെ പറ്റി അച്ഛനോട് പറയുമായിരുന്നു. അങ്ങിനെയാണ് മകന് അച്ഛന്‍ ഒരു മൊബൈല്‍ വാങ്ങികൊടുത്തത്.
ആദ്യം അനിയത്തിയുമായി ഒരുമിച്ച് മൊബൈല്‍ കാണുക പതിവായിരുന്നു. ഗെയിമുകള്‍ ഡൌണ്‍ലോഡ് ചെയ്തതോടെ അവന്‍ പിന്നീട് അനിയത്തിയെ ഒഴിവാക്കി സ്വയം എവിടെയെങ്കിലും പോയി ഒളിച്ചിരുന്ന് ഗെയിമില്‍ മുഴുകാന്‍ തുടങ്ങി.
പഠനത്തില്‍ പിറകോട്ടു പോകുന്നതിനെ പറ്റി ടീച്ചര്‍ അമ്മയോട് ഓര്‍മ്മപെടുത്തി. അങ്ങിനെയാണ് മകന്‍െറ മൊബൈല്‍ കളിഭ്രമം അമ്മ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പലവട്ടം ഉപദേശിച്ചു. ഗള്‍ഫില്‍ നിന്നും അച്ഛനും, സ്കൂളിലെ ടീച്ചര്‍മാരും പറഞ്ഞതൊന്നും വിലപോയില്ല. മാനസികമായി അവന്‍ ഗെയിമിനു അടിമപ്പെട്ടതോടെ അവര്‍ മകനേയും കൂട്ടി കൌണ്‍സിലിങ്ങിനെത്തി. കൌണ്‍സിലിങ്ങിനോട് സഹകരിച്ച മകന്‍ പതുക്കെ ഗെയിമില്‍ നിന്നും, ഫോണില്‍ നിന്നും പിന്തിരിഞ്ഞതോടെ കുടുംബത്തില്‍ വീണ്ടും സമാധാനം വന്നു.
മാസങ്ങള്‍ക്കു ശേഷം എങ്ങിനേയോ മകന്‍െറ കയ്യില്‍ വീണ്ടും കിട്ടിയ ഫോണില്‍ അവന്‍ അമ്മയറിയാതെ അവന്‍ വീണ്ടും ഗെയിമുകള്‍ ഡൌണ്‍ലോഡ് ചെയ്തു. സംഭവം ആദ്യത്തേതില്‍ നിന്നും കൂടുതല്‍ വഷളാകാന്‍ തുടങ്ങി. ഊണും ഉറക്കവുമില്ലാതെ അവന്‍ കളിയില്‍ മുഴുകി. അനിയത്തിയും അമ്മയുമായും കൂട്ടുകാരുമായും ഒരു ബന്ധവുമില്ലാതെ മുറിയടച്ചിട്ട് ഗെയിമില്‍ മാത്രം ഒതുങ്ങികൂടിയ അവന്‍ മാനസികമായി ഏറെ വഴിതെറ്റി പോയിരുന്നു. ഗള്‍ഫിലുള്ള അച്ഛനോട് പലവട്ടം മകന്‍െറ മൊബൈല്‍ അഡിക്ഷനെപറ്റി പരാതിപറയാറുള്ള അമ്മയെ അവന്‍ തീരെ അനുസരിക്കാതെയായി. സഹികെട്ട അമ്മ ഒരു ദിവസം അവന്‍െറ മൊബൈല്‍ ഫോണ്‍ വാങ്ങി അതിലെ ഗെയിമുകളും കോണ്‍ടാക്റ്റ് നമ്ബരും ഡെലിറ്റ് ചെയ്തു.
ഇതുവരെ കാണാത്ത ഒരു മകന്‍െറ രൂപത്തെയാണ് അന്ന് അവര്‍ കണ്ടത്. അമ്മയേയും അനിയത്തിയേയും തള്ളിമാറ്റി അലറികൊണ്ട് വീട്ടിലുണ്ടായിരുന്ന സകല സാധനങ്ങളും വലിച്ചെറിഞ്ഞ് നശിപ്പിച്ചു. ചേട്ടന്റെ മാനസിക വിഭ്രാന്തി കണ്ട് അനുജത്തി പേടിച്ചു കരഞ്ഞ് ഒളിച്ചിരുന്നു. അവന്‍ അടുക്കളയില്‍ പോയി മണ്ണെണ്ണയെടുത്ത് വീട്ടില്‍ മുഴുവന്‍ ഒഴിച്ച് എല്ലാം ചുട്ടുചാമ്ബലാക്കുമെന്ന് പറഞ്ഞ് അലറി നടക്കാന്‍ തുടങ്ങി. മാനസിക വിഭ്രാന്തിയോടെ അവന്‍ തീപ്പെട്ടിക്കായി തെരഞ്ഞു നടക്കുമ്ബോള്‍ അമ്മ വേറെയൊന്നും ആലോചിച്ചില്ല ഉടന്‍തന്നെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചു.
ഫോണ്‍ അറ്റന്‍റു ചെയ്ത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനൂപ്. എസ്, അമ്മയുടെ ദയനീയ ശബ്ദത്തിലൂടെതന്നെ സംഭവത്തിന്‍െറ ഗുരുതര സ്വഭാവം മനസ്സിലാക്കി, ഉടന്‍ തന്നെ സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എസ്. സജിത്ത്മോന്‍, ഹോം ഗാര്‍ഡ് സന്തോഷ് കെ. എന്നിവരെ സംഭവസ്ഥലത്തേക്കയച്ചു. സംഭവസ്ഥലത്തെത്തിയ അവര്‍ കണ്ടത് വീടുമുഴുവനും മണ്ണെണ്ണയൊഴിച്ച് സാധനങ്ങള്‍ വാരിവലിച്ചെറിഞ്ഞ് നശിപ്പിച്ച നിലയിലായിരുന്നു. ബാത്ത് റൂമില്‍ കയറി കതകടച്ച കുട്ടിയോട് പോലീസുദ്യോഗസ്ഥര്‍ അനുനയത്തില്‍ സംസാരിച്ച് വാതിലില്‍ തട്ടികൊണ്ടിരുന്നു.
അടുത്തു വന്നാല്‍ തീയിടും… പൊയ്ക്കോ… എന്നുള്ള അവന്‍െറ ഭീഷണികളോട് വളരെ സൌമ്യമായി പ്രതികരിച്ച് അവന് മൊബൈല്‍ തിരിച്ചുതരാമെന്നും ഡെലിറ്റു ചെയ്ത ഗെയിം മുഴുവനും സൈബര്‍ സെല്‍ മുഖേന ഉടന്‍ തന്നെ തിരിച്ചെടുക്കാമെന്നും വളരെ സമാധാനപരമായി പോലീസുദ്യോഗസ്ഥര്‍ അവന് വാഗ്ദാനം നല്‍കി. അതോടെ അവന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി.
പിന്നീട് അവനെ വളരെ സമാധാനത്തോടെ സാന്ത്വനപെടുത്തുകയും ചെയ്തു. അതിനിടയില്‍ അവന്‍െറ മാനസിക നില വളരെ മോശമാകുന്നു എന്നു മനസലാക്കിയ അവര്‍ ഇന്ന് ഡോക്ടറെ കണ്ട് നാളെ സൈബര്‍ സെല്ലില്‍ പോകാം അനുസരിക്കില്ലേ… എന്ന് വളരെ സ്നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കിയതോടെ അവന്‍ സമ്മതിച്ചു.
ഉടന്‍ തന്നെ അവനെ മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിലേക്ക് എത്തിച്ചു. മെഡിക്കല്‍ കോളേജില്‍ അവന് ചികിത്സയും കൌണ്‍സിലിങ്ങും തുടര്‍ന്നു വരികയാണ്. ഇപ്പോള്‍ അവന് വളരെ മാറ്റമുണ്ട്. അതിന്‍െറ ആശ്വാസത്തിലാണ് അവന്‍െറ അമ്മയും അനുജത്തിയുമെല്ലാം.
രക്ഷിതാക്കളോട്:
- കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് സമയം സ്ഥലം എന്നിവ ക്ളിപ്തപെടുത്തുക.
- കുട്ടികള്‍ മൊബൈല്‍ ഫോണില്‍ കാണുന്നത് എന്തെന്നും എന്തിനെന്നും മനസ്സിലാക്കുക.
ഓണ്‍ലൈന്‍ ഗെയിമിന്‍െറ ദുരുപയോഗങ്ങളെ അവരെ സാവധാനം പറഞ്ഞ് മനസ്സിലാക്കുക. ഘട്ടം ഘട്ടമായി അവരെ പിന്തിരിപ്പിക്കുക.
മക്കളുമായി വിനോദത്തിനായി അല്പ സമയം കണ്ടെത്തുക.
കുട്ടികളെ കുറ്റപെടുത്താതെ ചേര്‍ത്തു നിര്‍ത്തികൊണ്ടുതന്നെ പെരുമാറുക.
കുട്ടികള്‍ കളിക്കുന്ന ഗെയിമിനെ കുറിച്ച് രക്ഷിതാക്കള്‍ക്കും അവബോധം ആവശ്യമാണ്.
മൊബൈല്‍ അഡിക്ഷന്‍െറ ഗൌരവത്തെ കുറിച്ച് മക്കളെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കണം.
മക്കള്‍ മൊബൈലിനു അഡിക്റ്റാണെന്നു മനസ്സിലായാല്‍ ഉടന്‍തന്നെ അവരെ കൌണ്‍സിലിങ്ങിനു വിധേയമാക്കുക. മാനസികമായി ഏറെ തളര്‍ന്ന അവസ്ഥയിലാണെങ്കില്‍ ഒരു മടിയും കൂടാതെ മാനസികാരോഗ്യ വിദഗ്ദരെ സമീപിക്കുക.