കോഴിക്കോട്: രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകരയ്ക്ക് സമീപം വാടകക്ക് താമസിക്കുന്ന ഫാത്തിമ എന്ന സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് റോഡരികിൽ ഉപേക്ഷിച്ചനിലയിൽ ഇന്ന് കണ്ടെത്തിയത്. പുലർച്ചെ അഞ്ചുമണിക്ക് പണിക്കിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപം വഴിയരികിൽ പിഞ്ചുകുഞ്ഞിനെ ആദ്യം കണ്ടത്.
തുടർന്ന് സമീപവാസികളെയും പൊലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫറോക്ക് പൊലീസ് കുഞ്ഞിനെ ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും പരിചരണത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ആദ്യം കണ്ട ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തി.