ഒന്നരവയസ്സുകാരന്റെ കൈ തല്ലിയൊടിച്ചു; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

ആലപ്പുഴ: കുത്തിയത്തോട് ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെയും ആൺ സുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ അർത്തുങ്കലിൽനിന്ന് ഇന്നു രാവിലെയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. 

കുത്തിയതോട് സ്വദേശി ബിജുവിന്റെയും ദീപയുടെയും മകനായ ഒന്നരവയസ്സുകാരനു ശനിയാഴ്ചയാണ് മർദനമേറ്റത്.  മർദനത്തിൽ കൈ ഒടിയുകയും ദേഹമാസകലം പരുക്കേൽക്കുകയും ചെയ്ത ആൺകുട്ടിയെ ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മെമെഡിക്കൽ കോളജ് ഓർത്തോ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ഇടതു കൈക്കുഴയ്ക്കു പൊട്ടലുണ്ട്. മുതുകിലും കഴുത്തിലും കൈകളിലും വടി ഉപയോഗിച്ച് അടിച്ചതിന്റെയും കാൽപാദത്തിൽ പൊള്ളലേറ്റതിന്റെയും പാടുകളുമുണ്ട്.

ബിജുവും ദീപയും തമ്മിൽ 2 മാസമായി അകന്നു കഴിയുകയാണ്. കുട്ടിയുമായി ദീപ കൃഷ്ണകുമാറിനൊപ്പമായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ ദീപയും കൃഷ്ണകുമാറും കുത്തിയതോട്ടെ ബിജു താമസിക്കുന്ന വീട്ടിൽ എത്തിച്ചു. ഈ സമയം ബിജു ആലപ്പുഴയിലെ ജോലി സ്ഥലത്തായിരുന്നു.

ബിജു എത്തിയിട്ട് കുട്ടിയെ കൊണ്ടുവന്നാൽ മതിയെന്നു ബിജുവിന്റെ അമ്മ പറഞ്ഞു. എന്നാൽ കുട്ടിയെ വീടിനു മുന്നിൽ ഇരുത്തി ഇരുവരും സ്ഥലംവിട്ടെന്ന് അയൽവാസികൾ പറയുന്നു. രാത്രി ജോലി കഴിഞ്ഞെത്തിയ ബിജു കുട്ടിയുടെ ദേഹത്തെ പരുക്കുകൾ കണ്ട് ആദ്യം തുറവൂർ ഗവ. ആശുപത്രിയിലും ഡോക്ടറുടെ നിർദേശ പ്രകാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുത്തിയതോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ചേർത്തല തിരുവിഴയിൽ ഇവർ താമസിച്ച സ്ഥലത്ത് കുട്ടിയുടെ അമ്മ ദീപയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കുത്തിയത്തോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് വിൽപ്പന , അടിപിടി അടക്കമുള്ള കേസുകളിൽ പ്രതിയാണ് തിരുവിഴ സ്വദേശി കൃഷ്ണകുമാർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News