പ്രസവിച്ച ഉടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് കനാലില്‍ തള്ളി; അമ്മയും കാമുകനും കസ്റ്റഡിയില്‍

തൃശൂര്‍: പ്രസവിച്ച ഉടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് കനാലില്‍ തള്ളിയെന്ന് അമ്മ. തൃശൂര്‍ വരിയത്താണ് മനസാക്ഷിയെ ഞടുക്കുന്ന സംഭവം. കുട്ടിയുടെ അമ്മ വരിയം സ്വദേശി മേഘ (22), ഇവരുടെ അയല്‍വാസിയും കാമുകനുമായ ഇമ്മാനുവല്‍ (25) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യം ഒളിപ്പിക്കാന്‍ കൂട്ടുനിന്നതിന് ഇമ്മാനുവലിന്റെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി 11 ന് ആണ് മേഘ പ്രസവിച്ചത്. ഉടനെ തന്നെ ബക്കറ്റില്‍ കരുതിയിരുന്ന വെള്ളത്തില്‍ കുഞ്ഞിനെ മുക്കിക്കൊന്നു. ഇതിനു ശേഷം ഇമ്മാനുവേലിനെ വിവരം അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഇമ്മാനുവലും സുഹൃത്തും കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോയത്.

അതുവരെ ഒരു ദിവസത്തോളം മൃതദേഹം ബക്കറ്റിലെ വെള്ളത്തില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. മേഘ ഗര്‍ഭിണിയായതും പ്രസവിച്ചതും അച്ഛനും അമ്മയും ഇളയ സഹോദരിയും അറിഞ്ഞിരുന്നില്ല. പോലീസ് വീട്ടിലെത്തുമ്പോള്‍ മാത്രമാണ് ഇവര്‍ വിവരം അറിയുന്നത്.

നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തിലാണ് വഴിത്തിരിവുണ്ടായത്. തൃശൂര്‍ പൂങ്കുന്നം – കുറ്റൂര്‍ എംഎല്‍എ റോഡിലാണ് നവ ജാത ശിശുവിന്റെ മൃതദേഹം കാരിബാഗിലാക്കി കനാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ പ്രദേശത്തുകൂടി ബൈക്കില്‍പോയ രണ്ടു പേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ന്നത്.

മേഘയും അയല്‍വാസിയായ ഇമ്മാനുവലും രണ്ട് വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഇമ്മാനുവലില്‍നിന്നും ഗര്‍ഭംധരിച്ച മേഘ ഇക്കാര്യം വീട്ടുകാരില്‍നിന്നും മറച്ചുവച്ചു. ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ വയറ്റില്‍ തുണിചുറ്റിയായിരുന്നു ഗര്‍ഭംധരിച്ച വിവരം മറച്ചുപിടിച്ചത്. വീട്ടിലെ മുറിയില്‍ സ്വന്തം മുറിയില്‍ പ്രസവിച്ച ഉടനെ കുട്ടിയെ കൊല്ലുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News