കാനഡ: പാമ്പുകളെ പ്രത്യേകിച്ച് വിഷ പാമ്പുകളെ ഏറെ ഭയമുള്ളവരാണ് നമ്മള്‍. മൂര്‍ഖന്‍, രാജവെമ്പാല, അണലി എന്നിങ്ങനെ പോകുന്നു നമ്മുടെ നാട്ടിലെ വിഷപാമ്പുകള്‍. നമുക്ക് അറിയാവുന്നതില്‍വെച്ച് ഏറ്റവും കൂടുതല്‍ വിഷമുള്ള പാമ്പുകളാണ് ഇവയെല്ലാം. വിദേശ നാടുകളില്‍ ആകട്ടെ ഇവയേക്കാള്‍ ഉഗ്രവിഷമുള്ള റാറ്റില്‍ സ്നേക്, ബ്ലാക്ക് മാംബ എന്നിങ്ങനെയുള്ളവയും ഉണ്ട്. എന്നാല്‍ ലോകത്ത് തന്നെ ഏറ്റവും തീവ്രമായ വിഷം വഹിക്കുന്ന പാമ്പ് ഇതൊന്നുമല്ല. ഓസ്ട്രേലിയയില്‍ മാത്രം കാണപ്പെടുന്ന ഇന്‍ലാന്‍ഡ് ടൈപാന്‍ എന്നറിയപ്പെടുന്ന വിഷപാമ്പാണ് അത്.
ഒറ്റക്കൊത്തില്‍ ടൈപാന്‍ പുറപ്പെടുവിക്കുന്ന വിഷത്തിന് 100 മനുഷ്യരെവരെ കൊല്ലാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഇതിന് പുറമേ ഇതേ വിഷത്തിന് രണ്ടരലക്ഷം എലികളെ നശിപ്പിക്കാനും ശേഷിയുണ്ട്. ടൈപാന്റെ വിഷം ശരീരത്തില്‍ എത്തിയാല്‍ സെക്കന്റുകള്‍ക്കുള്ളിലാകും മരണം സംഭവിക്കുക.
ടായ്പോക്സിന്‍ എന്ന ജൈവരാസവസ്തുവും, മറ്റ് അപകടകാരികളായ രാസസംയുക്തങ്ങളുമാണ് ഈ പാമ്പിന്റെ വിഷത്തില്‍ അടങ്ങിയിരിക്കുന്നത്. മനുഷ്യരിലേക്ക് പ്രവേശിക്കുന്ന ഈ രാസവസ്തുക്കള്‍ ആദ്യം പേശികളെയാകും ബാധിക്കുക. പേശികളെ ഇത് മരവിപ്പിക്കുകയും, രക്തധമനികള്‍ക്കും ശരീരകലകള്‍ക്കും നാശമുണ്ടാക്കുകയും ചെയ്യും.
രണ്ട് തരം പാമ്പുകളാണ് ടൈപാന്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒന്ന് കോസ്റ്റല്‍ ടൈപാനും, രണ്ടാമത്തേത് ഇന്‍ലാന്‍ഡ് ടൈപാനും. തീരമേഖലകളില്‍ കാണപ്പെടുന്ന പാമ്പുകളാണ് ആദ്യത്തേത്. കൂടുതല്‍ ആള്‍ക്കാര്‍ക്കും പരിചയമുള്ള ഈ പാമ്പുകള്‍ക്ക് ഇന്‍ലാന്‍ഡ് ടൈപാനെ അപേക്ഷിച്ച് വിഷം കുറവാണ്. എങ്കിലും ഇതിന്റെ കടിയേറ്റവരില്‍ 80 ശതമാനം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉഗ്ര വിഷത്തോടൊപ്പം ഉയര്‍ന്ന ചലനവേഗതയും ഉള്ള പാമ്പാണ് ഇന്‍ലാന്‍ഡ് ടൈപാന്‍. കൃത്യമായി കൊത്താനുള്ള കഴിയും ഇതിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. പ്രകോപനം സൃഷ്ടിച്ചാല്‍ ആദ്യം ഇവ ഫണം ഉയര്‍ത്തി മുന്നറിയിപ്പ് നല്‍കും. പിന്നീടും പ്രകോപനം തുടര്‍ന്നാല്‍ മാത്രമാണ് ഇവ ആക്രമിക്കാറ്.
മനുഷ്യരുമായി ഇടപെടാന്‍ ആഗ്രഹിക്കാത്ത ഇന്‍ലാന്‍ഡ് ടൈപാന്‍ മനുഷ്യവാസം തീരെ കുറഞ്ഞ മേഖലയിലാണ് കാണപ്പെടാറ്. ഇക്കാരണം കൊണ്ടുതന്നെ ഉഗ്രവിഷമുള്ള ഇവയെ അപകടകാരികളായി കാണാറില്ല.