പാലക്കാട്: കേരളത്തിലേക്ക് കൂടുതല്‍ തീവണ്ടി സര്‍വ്വീസ് ആരംഭക്കാന്‍ തീരുമാനിച്ച് റെയില്‍വേ. അഞ്ച് പ്രതിദിന തീവണ്ടി സര്‍വീസുകള്‍കൂടി പുനരാരംഭിക്കാന്‍ ദക്ഷിണ റെയില്‍വേ അനുമതി നല്‍കി. പൂര്‍ണമായും റിസര്‍വേഷനുള്ള സ്‌പെഷ്യല്‍ വണ്ടികളായിട്ടാകും ഇത് സര്‍വീസ് നടത്തുക.
തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് മംഗലാപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് 16-ന് ആരംഭിക്കും. രാത്രി 08.50-ന് പുറപ്പെടുന്ന വണ്ടി അടുത്തദിവസം പകല്‍ 11.35-ന് മംഗലാപുരത്തെത്തും. മംഗലാപുരത്തുനിന്നുള്ള സര്‍വീസ് 19-ന് പുനരാരംഭിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 2.20-ന് പുറപ്പെടുന്ന വണ്ടി അടുത്തദിവസം പുലര്‍ച്ചെ 4.40-ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. തിരുവനന്തപുരം സെന്‍ട്രല്‍ മധുരൈ ജങ്ഷന്‍ പ്രതിദിന സര്‍വീസ് 23-ന് തുടങ്ങും. രാത്രി 8.30-ന് പുറപ്പെടുന്ന വണ്ടി അടുത്തദിവസം രാവിലെ 10.10-ന് മധുരയിലെത്തും. തിരിച്ചുള്ള സര്‍വീസ് 24-ന് തുടങ്ങും. വൈകീട്ട് 4.05-ന് പുറപ്പെട്ട് അടുത്തദിവസം പുലര്‍ച്ചെ 5.20-ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം ജങ്ഷന്‍ പ്രതിദിന തീവണ്ടി ഡിസംബര്‍ 14-ന് ആരംഭിക്കും. വൈകീട്ട് 5.45-ന് പുറപ്പെടുന്ന വണ്ടി 11.10-ന് എറണാകുളത്ത് എത്തും. എറണാകുളം ജങ്ഷനില്‍നിന്ന് തിരുവനന്തപുരം സെന്‍ട്രലിലേക്ക് എല്ലാ ദിവസവു പുലര്‍ച്ചെ 5.05-ന് പുറപ്പെടുന്ന തീവണ്ടി സര്‍വീസ് 16-ന് ആരംഭിക്കും.
എറണാകുളം ജങ്ഷനില്‍നിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള പ്രതിദിന തീവണ്ടി സര്‍വീസ് 15-ന് തുടങ്ങും. രാവിലെ ആറിന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന വണ്ടി 11.45-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍നിന്ന് 2.50-ന് പുറപ്പെടുന്ന വണ്ടി രാത്രി 9.10-ന് എറണാകുളം ജങ്ഷനിലെത്തും.
തിരുവനന്തപുരം സെന്‍ട്രല്‍-ഗുരുവായൂര്‍ പ്രതിദിന തീവണ്ടി 15-ന് പുനരാരംഭിക്കും. വൈകീട്ട് 5.30-ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന തീവണ്ടി അടുത്തദിവസം പുലര്‍ച്ചെ 12.05-ന് ഗുരുവായൂരിലെത്തും. തിരിച്ച് 16-ന് പുലര്‍ച്ചെ 3.25-ന് പുറപ്പെടുന്ന വണ്ടി രാവിലെ 10.10-ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.