നൈജീരിയയില്‍ കൂട്ടക്കൊല; വെടിവയ്പില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അബുജ: വടക്കന്‍ നൈജീരിയയിലുണ്ടായ വെടിവയ്പില്‍ 100 പേര്‍ കൊല്ലപ്പെട്ടതായി വിവരം. ബെനു സംസ്ഥാനത്തെ യെല്‍വാട്ട പട്ടണത്തിലാണ് തോക്കുധാരികളുടെ ആക്രമണമുണ്ടായത്. വെള്ളി വൈകിട്ടു മുതല്‍ ശനിപുലര്‍ച്ചെ വരെ ആക്രമണം നീണ്ടതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കുന്നു.

നിരവധി ആളുകളെ കാണാനില്ലെന്നും ഡസന്‍ കണക്കിന് ജനങ്ങള്‍ക്ക് പരിക്കേറ്റെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. ഭൂരിഭാഗം പേര്‍ക്കും മതിയായ വൈദ്യസഹായം ലഭിക്കുന്നില്ല. നിരവധി കുടുംബങ്ങളെ കിടപ്പുമുറികള്‍ക്കുള്ളില്‍ പൂട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. തിരിച്ചറിയാന്‍ പറ്റാത്ത വിധം പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്.

വീടുകള്‍ കത്തി നശിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്. ബെനുവിലെ പൊലീസ് വക്താവ് ആക്രമണവിവരം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന്റെ പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. നൈജിരിയയില്‍ ഇത്തരം ആക്രമണങ്ങള്‍ തുടര്‍ക്കഥയാണെന്നും സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം ബെനുവിലെ ഗ്വെര്‍ വെസ്റ്റ് ഏരിയയിലുണ്ടായ വെടിവയ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രിലില്‍ അയല്‍സംസ്ഥാനമായ പ്ലേറ്റിയൂവില്‍ സമാന ആക്രമണത്തില്‍ 40 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് ഭൂരിഭാഗവും കര്‍ഷകരാണെന്നും ആംനസ്റ്റി വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News