കൊച്ചി: കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന കൊച്ചിയില്‍ ശക്തമായ നിയന്ത്രണങ്ങളുമായി പോലീസ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.77% ആവുകയും 35250 പേര്‍ക്ക് കൊവിഡ് സ്ഥിരീകിരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ നിയന്ത്രണം അതിശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
ജില്ലാ അതിര്‍ത്തികള്‍ പോലീസ് ബാരിക്കേഡുകള്‍ വെച്ച് അടക്കുകയും കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് ജില്ലയിലേക്ക് ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. നഗരത്തിനകത്തും പരിശോധനകള്‍ കൃത്യമായി നടത്തി വരികയാണ്. അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കാന്‍ കൊച്ചി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു നിര്‍ദേശം കൈമാറി.
അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിലവില്‍വന്ന സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ പാസ് നിര്‍ബന്ധമാക്കി. പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്നു വൈകിട്ടോടെ നിലവില്‍ വരും. കേരള പോലീസിന്റെ വെബ്സൈറ്റിലാണ് പാസ് ലഭിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓണ്‍ലൈനില്‍ പാസിനായി അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം. അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് ഒടിപി വരികയും അനുമതി പത്രം ഫോണില്‍ ലഭ്യമാവുകയും ചെയ്യും.
മരണം, ആശുപത്രി ,അടുത്ത ബന്ധുവിന്റെ വിവാഹം പോലെ ഒഴിവാക്കാനാവാത്ത അവശ്യത്തിന് മാത്രമാണ് പാസ് അനുവദിക്കുക. ദിവസ വേതനക്കാര്‍ക്ക് ജോലിക്ക് പോകാന്‍ പാസ് അനുവദിക്കും. തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നല്‍കിയാലും പാസ് ലഭ്യമാക്കും. അവശ്യ വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്ക് പാസ് വേണ്ട, തിരിച്ചറിയല്‍ രേഖ മതി.