കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ മരണത്തില്‍ സൈജു തങ്കച്ചനെതിരെ കൂടുതല്‍ കണ്ടെത്തലുകള്‍. ഡിജെ പാര്‍ട്ടികളില്‍ സൈജു തങ്കച്ചന്‍ എംഡിഎം ഉള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നെന്നാണ് പുതിയ കണ്ടെത്തല്‍. മാരരികുളത്ത് നടന്ന പാര്‍ട്ടിയിലെ ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഇന്‍സ്റ്റാഗ്രാം ചാറ്റുകള്‍ പോലീസിന് ലഭിച്ചു. എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് എടുക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സൈജുവിന്റെ കൂട്ടാളികളെ ചോദ്യം ചെയ്യും.
അതിനിടെ സൈജുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പതിനെട്ടര ലക്ഷം രൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിലും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സൈജു തങ്കച്ചന് ലഹരിമരുന്ന് ഇടപാടുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സൈജു തങ്കച്ചന്‍ യുവതികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നിരുന്നു . ദുരുദ്ദേശത്തോടെയാണ് സൈജു കാര്‍ പിന്തുടര്‍ന്നത് എന്നതിന് കൃത്യമായ സൂചനകളുള്ള വാട്സാപ്പ് സന്ദേശങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായകമായ നിരവധി വിവരങ്ങള്‍ സൈജു സമ്മതിച്ചത്.
ഡി.ജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നിന്ന് ഇറങ്ങിയ യുവതികളെ സൈജു കാറില്‍ പിന്തുടര്‍ന്നു. കുണ്ടന്നൂരില്‍ വച്ച് അവരുടെ കാര്‍ സൈജു തടഞ്ഞുനിര്‍ത്തി. അവിടെ വച്ചും തര്‍ക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടര്‍ന്നപ്പോഴാണ് അതിവേഗത്തില്‍ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുണ്ടന്നൂര്‍ വരെ സാധാരണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരില്‍ വെച്ച് മോഡലുകള്‍ സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ കാര്‍ നിര്‍ത്തി. ഇവിടെ വച്ച് സൈജുവുമായി തര്‍ക്കമുണ്ടായി. ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയില്‍ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പല തവണ ഇരുകാറുകളും പരസ്പരം ഓവര്‍ടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പോലീസ് പറയുന്നു.