തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യക്കുപിന്നിൽ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന സുകാന്തിന്റെ ശാരീരിക-മാനസിക പീഡനമായിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. പെൺകുട്ടിയെ ആത്മഹത്യയിലേക്കുനയിച്ച ടെലിഗ്രാം ചാറ്റുകളാണ് പോലീസ് കണ്ടെടുത്തത്. സുകാന്തിന്റെ ഐഫോണിൽനിന്നാണ് കഴിഞ്ഞദിവസം ഞെട്ടിക്കുന്ന തെളിവുകൾ ലഭിച്ചത്.
‘നീ എന്ന് മരിക്കും’ എന്നതുൾപ്പെടെ മനസ്സാക്ഷിയില്ലാത്ത ചോദ്യങ്ങളും രൂക്ഷഭാഷയുമാണ് സന്ദേശങ്ങളിലുള്ളത്. യുവതിയുടെ ആത്മഹത്യക്കുപിന്നാലെ ഒളിവിൽപ്പോയ സുകാന്തിന്റെ അമ്മാവന്റെ വീട്ടിൽനിന്ന് കണ്ടെടുത്ത ഇയാളുടെ ഫോണിൽനിന്നാണ് നിർണായകവിവരങ്ങൾ ലഭിച്ചത്. ‘എന്നുമരിക്കും’ എന്ന സുകാന്തിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഓഗസ്റ്റ് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടിയും നൽകിയിട്ടുണ്ട്. ഫെബ്രുവരി ഒൻപതിനാണ് ടെലിഗ്രാം ആപ്പിലൂടെ ഈ സംഭാഷണം നടന്നത്. മാർച്ച് 24-നാണ് തിരുവനന്തപുരം പേട്ടയ്ക്കുസമീപം റെയിൽവേട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
: ഐബി ഉദ്യോഗസ്ഥ ആത്മഹത്യചെയ്ത് രണ്ടുമാസം പിന്നിട്ടിട്ടും സുകാന്ത് സുരേഷ് ഒളിവിൽത്തന്നെ. പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കുകയും കേരളത്തിനുപുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുകയുംചെയ്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പരിഗണിച്ച ഹൈക്കോടതി തിങ്കളാഴ്ചവരെ അറസ്റ്റ്് തടഞ്ഞിരിക്കയാണ്. ഇത്രനാളായിട്ടും പ്രതിയെ പിടികൂടാത്ത പോലീസിനെ ഹൈക്കോടതി രൂക്ഷഭാഷയിൽ വിർശിക്കുകയും ചെയ്തിരുന്നു.
സുകാന്തിൽനിന്ന് യുവതി ലൈംഗികചൂഷണം നേരിട്ടിരുന്നയതായും ഇത് ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലൊന്നാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.
ചാറ്റുകളിലൊന്നിങ്ങനെ
സുകാന്ത്: എനിക്ക് നിന്നെ വേണ്ട
യുവതി: എനിക്ക് ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ല
സുകാന്ത്: നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാൻപറ്റൂ
യുവതി: എനിക്ക് ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ല
യുവതി: അതിന് ഞാൻ എന്തുചെയ്യണം?
സുകാന്ത്: നീ പോയി ചാകണം
സുകാന്ത്: നീ എന്നുചാകും??
നിരന്തരം ഈ ചോദ്യം ആവർത്തിച്ചപ്പോൾ
യുവതിയുടെ മറുപടി: ഓഗസ്റ്റ്ഒൻപതിന് ഞാൻ മരിക്കും…


