തിരുവനന്തപുരം::പി.ആർ.ഡിയിൽ അസി. ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് മാധ്യമ പ്രവർത്തന പരിചയം ഇല്ലാത്ത ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തിരുകിക്കയറ്റാനായി നടന്നത് ആസൂത്രിത നീക്കം. രണ്ട് അഡീഷണൽ ഡയറക്ടർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ റൂൾ ഭേദഗതി ശുപാർശ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നത് തിരുകിക്കയറ്റലിന്റെ ഗുണഭോക്താകളാകേണ്ട ജീവനക്കാരെ. വകുപ്പിന്റെ നട്ടെല്ലായി ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ഓഫീസർമാരോ അസി. എഡിറ്റർമാരോ ഒരാൾ പോലും ഈ കമ്മിറ്റിയിലില്ല.
ബിരുദവും രണ്ടു വർഷം മാധ്യമ രംഗത്തെ പൂർണ സമയ പ്രവർത്തന പരിചയവുമാണ് എഐഒ തസ്തികയിലേക്കുള്ള യോഗ്യത. എന്നാൽ ബൈ ട്രാൻസ്ഫറിലൂടെ ബിരുദയോഗ്യതയുള്ളവരും അതേ സമയം പ്രവർത്തന പരിചയം ഇല്ലാത്തവരുമായ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തിരുകിക്കയറ്റാനാണ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ ലോബി കളമൊരുക്കിയത്. മാധ്യമ പ്രവർത്തന പരിചയമെന്ന സുപ്രധാന വ്യവസ്ഥ ഇവർ കണ്ടില്ലെന്നു നടിച്ചു. വിവാദ നീക്കത്തില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഒത്താശ ചെയ്തത് വ്യക്തമാക്കുന്നതാണ് ഇതു സംബന്ധിച്ച യോഗത്തിന്റെ മിനുട്സ്.
തസ്തിക മാറ്റം വഴിയുള്ള നിയമത്തിനായി വകുപ്പിലെ സ്‌പെഷ്യല്‍ റൂള്‍സ് പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതനായി വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതേ രീതിയില്‍ നിയമനത്തിനു ശ്രമിക്കുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയും പങ്കെടുത്തതായും രേഖകളിലുണ്ട്.
2019 മാര്‍ച്ച് 22 അന്നത്തെ പി.ആര്‍.ഡി ഡയറക്ടറായിരുന്ന ഇപ്പോഴത്തെ കണ്ണൂര്‍ കളക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. രണ്ട് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി സെക്രട്ടറി, രണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, സെക്ഷന്‍ ഓഫീസര്‍, രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കൊപ്പമാണ് തസ്തികമാറ്റത്തിലൂടെ നിയമനത്തിനായി ഏറെക്കാലമായി ശ്രമിച്ചുവരുന്ന പാക്കര്‍ തസ്തികയിലുള്ള ജീവനക്കാരിയും യോഗത്തില്‍ പങ്കെടുത്തത്. സ്പെഷ്യല്‍ റൂള്‍സ് പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി രൂപീകരിച്ച വകുപ്പു തല സമിതിയില്‍ സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ സംഘടനാ പ്രതിനിധിയെന്ന നിലയിലാണ് ഇവര്‍ പങ്കെടുത്തതെന്നാണ് വിവരം.
സ്വന്തം നിയമനവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്ന കമ്മിറ്റിയില്‍ ജീവനക്കാരിയെ ഉള്‍പ്പെടുത്തിയതിലും യോഗത്തില്‍ ഇവര്‍ പങ്കെടുത്തതിലും ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച്ച സംഭവിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലെ അഞ്ചു ശതമാനം ഒഴിവുകള്‍ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തസ്തിക മാറ്റം വഴി നിയമിക്കുന്നതിനായി നീക്കിവയ്ക്കാവുന്നതാണെന്ന് വിലയിരുത്തിയ യോഗം ഇപ്രകാരം നീക്കിവയ്ക്കുന്ന തസ്തികയിലേക്ക് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയുടെ നിശ്ചിത യോഗ്യതയുള്ളവരും വകുപ്പില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ സേവനമുള്ളതുമായ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ പി.എസ്.സി നടത്തുന്ന വകുപ്പ് തല പരീക്ഷയിലൂടെ തിരഞ്ഞെടുത്ത് നിയമിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായി നടപടിക്കുറിപ്പില്‍ വ്യക്തമാണ്.
അംഗീകൃത സര്‍വ്വകലാശാല ബിരുദവും രണ്ടു വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തന പരിചയവുമാണ് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയുടെ അടിസ്ഥാന യോഗ്യത. ബിരുദധാരികളായ ഓഫീസ് അറ്റന്‍ഡന്റ്, പാക്കര്‍, ബൈന്‍ഡര്‍ തുടങ്ങിയവര്‍ക്ക് മാധ്യമ മേഖലയിലെ പ്രവൃത്തിപരിചയം സംബന്ധിച്ച ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയാല്‍ തസ്തികമാറ്റം വഴി നിയമിക്കാന്‍ കഴിയുന്ന രീതിയിലുള്ള ശുപാര്‍ശയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.
വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്റ്, പാക്കര്‍ തുടങ്ങിയ തസ്തികകളിലുള്ള സെക്രട്ടറിയേറ്റിലെ പ്രബല സംഘടനയിലെ അംഗങ്ങളായ ചിലര്‍ക്ക് നിയമനം നല്‍കുന്നതിന് ലക്ഷ്യമിട്ട് പി.ആര്‍.ഡി അഡീഷണല്‍ ഡയരക്ടര്‍ തസ്തികയില്‍നിന്ന് വിരമിച്ച ചിലരും നിലവലുള്ള ചില ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നാണ് നീക്കങ്ങള്‍ നടത്തിയത്. നിലവില്‍ 12 ജില്ലകളിലും സെക്രട്ടേറിയേറ്റിലും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ബൈ ട്രാൻസ്ഫർ നിയമനം ലഭിക്കുന്നവർക്ക് 4 വർഷത്തിനകം ഉന്നത തസ്തികകളിലേക്ക് പ്രമോഷൻ ലഭിക്കാനുള്ള സാഹചര്യവും വിവാദ നീക്കത്തിന് വേഗം കൂട്ടി.
അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ പി.എസ്.സി ടെസ്റ്റ് എഴുതി ഫലം കാത്തു നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയിലും നടപടി കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
പിആര്‍ഡിയില്‍ ഫോട്ടോഗ്രാഫി വിഭാഗത്തിന്റെ എന്‍ട്രി കേഡറിലേക്ക് തസ്തികമാറ്റത്തിലൂടെ നടത്തുന്ന നിയമനവും ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്‌പെഷ്യല്‍ റൂളിലെ യോഗ്യതാ മാനദണ്ഡങ്ങള്‍ കാലഹരണപ്പെട്ട ഈ തസ്തികയിലേക്ക് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചാണ് വര്‍ഷങ്ങളായി നിയമനം നടത്തിവരുന്നത്.
ഫിലിം ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫിയും ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടകളും ചരിത്രമായിട്ട് കാല്‍ നൂറ്റാണ്ടോളമായെങ്കിലും എഴുതാനും വായിക്കാനുമുള്ള സാക്ഷരത, ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോ സ്റ്റുഡിയോകളില്‍ ഫിലിം വാഷിംഗ്, ഗ്ലെയ്സിംഗ്, ഡവലപ്പിംഗ്, കെമിക്കല്‍ മിക്സിംഗ് എന്നിവയിലുള്ള അറിവ് എന്നിവയാണ് ഫോട്ടോഗ്രാഫിക് അറ്റന്‍ഡര്‍ തസ്തികയ്ക്കു ഇപ്പോഴുമുള്ള യോഗ്യത.
പിആര്‍ഡിയിലും മറ്റു വകുപ്പുകളിലും ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ ഈ യോഗ്യതകളുടെ രേഖകള്‍ വ്യാജമായുണ്ടാക്കിയാണ് ഫോട്ടോഗ്രാഫിക് അറ്റന്‍ഡറായി ജോലിയില്‍ കയുന്നത്. ഇവര്‍ തുടര്‍ന്ന് ആര്‍ട്ടിസ്റ്റ്, പ്രിന്റര്‍ തുടങ്ങിയ പോസ്റ്റുകളിലേക്ക് സ്ഥാനക്കയറ്റും നേടും. ഈ തസ്തികകളും കാലഹരണപ്പെട്ടവയാണ്. ഇതിന്റെ തുടര്‍ച്ചയായി ഇവര്‍ ഫോട്ടോഗ്രാഫര്‍ തസ്തികയിലുമെത്തും. ഉന്നത വിദ്യാഭ്യാസ യോഗ്യതയും ഡിജിറ്റല്‍ഫോട്ടോഗ്രാഫിയില്‍ വൈദഗ്ധ്യവുമുള്ള അനേകം പേര്‍ തൊഴില്‍ തേടുന്ന നാട്ടിലാണ് ഈ വിചിത്ര നിയമനം നടത്തുന്നത്.
ഇതേ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫിക് അറ്റന്‍ഡര്‍ തസ്തികയിലേക്ക് ബൈ ട്രാന്‍സ്ഫര്‍ നിയമനത്തിന് ഇക്കഴിഞ്ഞ ജൂലൈ ഒന്നിനും പിആര്‍ഡി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കോഴിക്കോട്, എറണാകുളം മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളിലെ നിയമനത്തിനായാണ് ഈ വിജ്ഞാപനം.