‘ഗർഭഛിദ്ര മരുന്ന് രണ്ടു തവണ നൽകി,,യുവതിയുടെ ആരോഗ്യം മോശമായി’ രാഹുലിനായി ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം, കോയമ്പത്തൂരിൽ ഒളിവിൽ എന്ന സൂചന

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡനക്കേസിൽ യുവതിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടുതവണ വീര്യം കൂടിയ ഗർഭഛിദ്ര മരുന്ന് നൽകി. അശാസ്ത്രീയമായാണ് ഗർഭഛിദ്രം നടന്നത്. രക്തസ്രാവത്തെത്തുടർന്ന് ആരോഗ്യനില മോശമായി. ഇതേത്തുടർന്ന് രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയതായും യുവതി മൊഴിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തിയ ഘട്ടത്തിലാണ് യുവതി ഇക്കാര്യങ്ങൾ അന്വേഷണ സംഘത്തിന് മുമ്പാകെ പറഞ്ഞത്. ഗർഭഛിദ്രത്തിന് രണ്ടുതവണ മരുന്ന് കഴിച്ചു. രക്തസ്രാവം ഉണ്ടായി. ഡോക്ടറുടെ കുറിപ്പടികളൊന്നും തന്നെ ഇല്ലാതെയാണ് മരുന്ന് എത്തിച്ചു നൽകിയതും കഴിച്ചതും. രണ്ട് മാസത്തിനു ശേഷമാണ് ഗർഭഛിദ്രം നടത്തിയതെന്നും മൊഴിയിൽ പറയുന്നുണ്ട്.

ആശുപത്രിയുടെ വിവരങ്ങളും പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തും. ഗർഭഛിദ്രം നടത്തിയെങ്കിൽ എന്ത് മെഡിക്കൽ തെളിവാണ് ഉള്ളത് എന്നായിരുന്നു രാഹുലിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ചോദിച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളടക്കം അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.

നിലവിൽ രാഹുൽ ഒളിവിലാണ്. രാഹുലിന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാഹുൽ തിരുവനന്തപുരത്ത് എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട്ടേയും തിരുവനന്തപുരത്തേയും ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പോലീസ് സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.

രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കും. അറസ്റ്റ് ചെയ്യുന്നതിന് കോടതി ഒരു തടസ്സവും ഇതുവരെ ഉന്നയിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News