വിദേശത്ത് നിന്നെത്തിയത് ചെക്കപ്പിന് വേണ്ടി;പ്രമോഷണല്‍ വിഡീയോ ചിത്രീകരണത്തിനിടെ ജീവനെടുത്തത് ഷൂട്ടിംഗിനെത്തിച്ച ഡിഫൻഡർ, നൊമ്പരമായി ആല്‍ബിന്‍

കോഴിക്കോട്: ബീച്ച് റോഡില്‍ വെള്ളയില്‍ പോലീസ് സ്റ്റേഷന് സമീപം വീഡിയോ ചിത്രീകരണത്തിനിടയില്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് ഒരു സ്വകാര്യ കമ്പനിയുടെ വീഡിയോ പ്രമോഷന്‍ ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചതെന്നും കമ്പനി പ്രതിനിധികളാണ് വാഹനം ഓടിച്ചിരുന്നെതന്നും യുവാവിന്റെ അയല്‍വാസി പറഞ്ഞു.

വടകര കടമേരി തച്ചിലേരി താഴെ കുനിയില്‍ സുരേഷ് ബാബുവിന്റെ മകന്‍ ആല്‍വിന്‍(21) ആണ് മരിച്ചത്. സുരേഷ് ബാബുവിന്റെ ഏകമകനാണ് ആല്‍വിന്‍. രണ്ടു വര്‍ഷം മുമ്പ് ആല്‍വിന് കിഡ്‌നി ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു. കുറച്ചു നാളുകളായി വിദേശത്താണ് ജോലി ചെയ്തുവന്നിരുന്നത്. ആറു മാസം കൂടുമ്പോള്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിന്റെ ഭാഗമായി നാട്ടിലെത്തിയതായിരുന്നു. ഈ സമയത്താണ് കോഴിക്കോട് വീഡിയോ പ്രമോഷന്‍ ചിത്രീകരണത്തിനെത്തിയതെന്നും അയല്‍വാസി പറഞ്ഞു.

രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഡിഫന്‍ഡര്‍ കാറിന്റെയും ബെന്‍സ് കാറിന്റെയും വീഡിയോയിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ അതിവേഗം പാഞ്ഞെത്തിയ ഡിഫന്‍ഡര്‍ ആല്‍വിനെ ഇടിച്ചുതെറിപ്പിക്കുകയും ഉയര്‍ന്നുപൊങ്ങിയ യുവാവ് നട്ടെല്ല് ഇടിച്ചു വീഴുകയുമായിരുന്നു.ഉടനെ ഒപ്പം ഉണ്ടായിരുന്ന യുവാക്കള്‍ ആല്‍വിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11.30ഓടെ മരണം സംഭവിക്കുകയായിരുന്നു.

തുടര്‍ച്ചയായി റീല്‍സ് ചിത്രീകരണം നടക്കുന്ന റോഡാണ് ബീച്ച് റോഡ്. വാഹനം കുറവുള്ള രാവിലെ സമയങ്ങളില്‍ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നത് പതിവാണെന്നാണ് പരിസരവാസികളും ഡ്രൈവര്‍മാരും പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News