തോൽവിയ്ക്ക് പിന്നാലെ ലാലു കുടുംബത്തിൽ കലഹം കനത്തു; രോഹിണി ആചാര്യയ്ക്ക് പിന്നാലെ മൂന്ന് പെൺമക്കൾ കൂടി വീടുവിട്ടു

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിന് പിന്നാലെ ആർജെഡി സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നു. ലാലുവിന്റെ മകൾ രോഹിണി ആചാര്യക്ക് പിന്നാലെ മൂന്ന് പെൺമക്കൾ കൂടി വീടുവിട്ടു.

ലാലു പ്രസാദ് യാദവിന്റെ മറ്റ് മൂന്ന് പെൺമക്കളായ രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവർ കുട്ടികളോടൊപ്പം പട്‌നയിലെ വസതി വിട്ട് ഡൽഹിയിലേക്ക് പോയതായാണ് റിപ്പോർട്ട്. ഇവർ കടുത്ത മാനസിക അസ്വസ്ഥതയിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ലാലുവിൻ്റെ മകൾ രോഹിണി ആചാര്യ, താൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും കുടുംബത്തെ തള്ളിപ്പറയുകയാണെന്നും പ്രഖ്യാപിച്ചതോടെയാണ് കുടുംബത്തിലെ പൊട്ടിത്തെറി ആരംഭിച്ചത്. ആർജെഡിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് മണിക്കൂറുകൾക്കുള്ളിലായിരുന്നു രോഹിണിയുടെ പ്രതികരണം.

2022-ൽ രോഹിണി, ലാലുവിന് ഒരു വൃക്ക ദാനംചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ സീറ്റിനും പണത്തിനും പകരമായാണ് പിതാവിന് താൻ വൃക്കദാനം ചെയ്തതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചതായി രോഹിണി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. തേജസ്വി യാദവിൻ്റെ ഏറ്റവും അടുത്ത സഹായികളായ ആർജെഡിയുടെ രാജ്യസഭാ എംപി സഞ്ജയ് യാദവ്, ദീർഘകാല സഹപ്രവർത്തകനായ റമീസ് എന്നിവരുമായുള്ള വാക്കുതർക്കത്തിനിടെ തനിക്ക് കടുത്ത അധിക്ഷേപം നേരിടേണ്ടി വന്നുവെന്നും ഒരാൾ ചെരിപ്പുകൊണ്ട് അടിക്കാൻ ശ്രമിച്ചുവെന്നും വികാരപരമായ പോസ്റ്റുകളിലൂടെ രോഹിണി ആരോപിച്ചു.

‘ഞാൻ രാഷ്ട്രീയം വിടുകയും എന്റെ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമാണ്. ഇങ്ങനെ ചെയ്യാനാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ പഴിയും ഞാൻ ഏറ്റെടുക്കുകയാണ്, എന്നായിരുന്നു ശനിയാഴ്ചത്തെ അവരുടെ എക്സ് കുറിപ്പ്. ആർജെഡിയുടെ രാജ്യസഭാ എംപിയും രോഹിണിയുടെ സഹോദരൻ തേജസ്വി യാദവിന്റെ അടുത്ത അനുയായിയുമാണ് സഞ്ജയ് യാദവ്. ഉത്തർ പ്രദേശിലെ രാഷ്ട്രീയകുടുംബത്തിൽനിന്നുള്ള അംഗമായ റമീസ്, തേജസ്വിയുടെ സുഹൃത്താണ്. രോഹിണിക്ക് താൽപര്യമുള്ളവരല്ല ഇവർ രണ്ടുപേരുമെന്നാണ് വിവരം.

രോഹിണിയുടെ ആരോപണങ്ങൾക്ക് പിന്നാലെ മൂത്ത സഹോദരൻ തേജ് പ്രതാപ് യാദവ് പ്രതികരണവുമായി രംഗത്തെത്തി. തനിക്കെതിരായ പല ആക്രമണങ്ങളും താൻ സഹിച്ചിട്ടുണ്ടെന്നും എന്നാൽ സഹോദരിയുടെ അപമാനം അസഹനീയമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഈ അനീതിയുടെ പ്രത്യാഘാതങ്ങൾ കഠിനമായിരിക്കുമെന്ന് പറഞ്ഞ തേജ് പ്രതാപ് “അച്ഛാ, ഒരു സൂചന തരൂ, ഒന്നു തലയാട്ടിയാൽ മതി, ബിഹാറിലെ ജനങ്ങൾ ഈ ജയചന്ദ്മാരെ കുഴിച്ചുമൂടും.” എന്ന് ലാലു പ്രസാദ് യാദവിനോടായി പറഞ്ഞു.

ചില മുഖങ്ങൾ തേജസ്വിയുടെ വിവേചനബുദ്ധിയെ മറയ്ക്കുന്നുവെന്നും ഈ പോരാട്ടം ഒരു മകളുടെ അഭിമാനത്തിനും ബിഹാറിൻ്റെ ആത്മാഭിമാനത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഈ വർഷം ആദ്യം തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് അദ്ദേഹം ജൻശക്തി ജനതാദൾ (ജെജെഡി) പാർട്ടി രൂപീകരിക്കുകയും മഹ്വ നിയമസഭാ സീറ്റിൽ മത്സരിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News