ഹൈദരാബാദ് : കൊറോണ വൈറസിന്റെ അയ്യായിരത്തിലധികം വകഭേദങ്ങൾ രാജ്യത്തുണ്ടെന്ന് ഗവേഷകർ. ഹൈദരാബാദ് ആസ്ഥാനമായുള്ള സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഗവേഷകർ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
അതേസമയം ആഗോള തലത്തിൽ പല രാജ്യങ്ങളേയും ആശങ്കപ്പെടുത്തുന്ന നോവൽ വകഭേദങ്ങൾ രാജ്യത്ത് കുറവാണെന്നു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കൊറോണ വൈറസിന്റെ E484K, N501Y വകഭേദങ്ങൾ വ്യാപന നിരക്ക് കൂടുതലുള്ളവയാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ രാജ്യത്ത് ഇവയുടെ വ്യാപനം കുറവാണെന്നത് ആശ്വാസകരമാണ്.
കൊറോണയുടെ പുതിയ വകഭേദങ്ങൾ തിരിച്ചറിയുന്നതിന് കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണ്. മഹാരാഷ്ട്രയിലെ കൊറോണ കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർദ്ധനവിന് ശേഷമാണ് ഈ വകഭേദങ്ങൾ കണ്ടെത്തിയത്. വകഭേദങ്ങളുടെ വ്യാപനത്തെ കുറിച്ച് മനസിലാക്കാൻ കൃത്യമായ നിരീക്ഷണം ആവശ്യമാണ്.
മഹാരാഷ്ട്രയിലെ യവാത്മലിൽ നിന്നും ശേഖരിച്ച യുവാവിന്റെ സാമ്പിളിലാണ് N440K കണ്ടെത്തിയത്. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ ഇവയുടെ വ്യാപനം വളരെ കുറവായിരുന്നുവെന്നും പിന്നീട് ഇതിന്റെ വ്യാപനം വർദ്ധിച്ചുവെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.