കോഴിക്കോട്: നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന്‍ അഷ്റഫിനെതിരെ കൂടുതല്‍ പരാതി. കോഴിക്കോട് മുക്കം മലയമ്മയിലെ ഹാരിസിന്റെ മരണം കൊലപാതകമെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത് .ഹാരിസിനെ അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2020 മാർച്ചിലാണ്. ഷൈബിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്നു ഹാരിസ്. ഹാരിസിന് ഷൈബിനിൽ നിന്ന് ഭീഷണിയുണ്ടായിരുന്നെന്ന് കുടുംബവും നാട്ടുകാരും പറയുന്നു.
വിവാഹത്തിനായി നാട്ടിൽ എത്താനിരിക്കെ ആയിരുന്നു ഹാരിസിന്‍റെ മരണം. ഭീഷണി മൂലമാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് കുടുംബം പറയുന്നു. ഹാരിസിന്റെ മരണ ശേഷവും ഹാരിസുമായി ബന്ധമുള്ളവർക്ക് നേരെ ക്വട്ടേഷൻ ആക്രമണം നടന്നിരുന്നു. ഭീഷണിയുള്ളതായി ഹാരിസ് പൊലീസിന് പരാതി നൽകിയിട്ടും കാര്യമുണ്ടായില്ലെന്നും കുടുംബം പറയുന്നു. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ഹാരിസിന്റെ മൃതദേഹം കണ്ടെത്തിയത്.
ഹാരിസ് 2020 ൽ അബുദാബിയിൽ വെച്ച് കൈമുറിച്ച് ആത്മഹത്യ ചെയ്തെന്നാണ് ഷൈബിൻ പൊലീസിന് നൽകിയ മൊഴി. ഹാരിസിന്‍റെ മരണം കൊലപാതകമാണോയെന്നാണ് പൊലീസിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പരാതി ഉയരുന്നത്. ആത്മഹത്യയെന്ന് തോന്നുന്ന വിധത്തിൽ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് ഭിത്തിയിൽ ഒട്ടിച്ച ചാർട്ടിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിലൊരാള്‍ ഹാരിസ് ആണ്. മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന്‍റെ ലാപ്ടോപിൽ നിന്നാണ് പോലീസിന് നിർണായക വിവരം ലഭിച്ചത്.
പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ നൗഷാദ് പകർത്തിയ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സംശയങ്ങൾക്ക് ഇട നൽകാതെ ആത്മഹത്യയെന്ന് തോന്നിക്കുന്ന വിധത്തിൽ രണ്ട് പേരെ എങ്ങനെ കൊലപ്പെടുത്താമെന്നാണ് ഭിത്തിയിൽ പതിപ്പിച്ച ചാർട്ടിലുള്ളത്. മുഖ്യ പ്രതി ഷൈബിൻ അഷറഫിന്‍റെ കൂട്ടാളിയായ കോഴിക്കോട് മുക്കം സ്വദേശി ഹാരിസിനെയും മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്താനിട്ട പദ്ധതിയാണിതെന്നാണ് വിവരം. കൃത്യത്തിൽ പങ്കെടുക്കുന്നവർക്ക് ആസൂത്രണ സമയത്ത് തന്നെ ജോലികൾ നിശ്ചയിച്ചു നൽകിയതായി പുറത്തു വന്ന ചാർട്ടിൽ നിന്ന് വ്യക്തമാണ്. തെളിവുകൾ നശിപ്പിക്കാനും വിശദമായ പദ്ധതി രേഖയിലുണ്ട്.