കൽപ്പറ്റ: വയനാട് പനവല്ലി ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ കൂടുതൽ കൂടുകളും ക്യാമറയും സ്ഥാപിച്ച് വനം വകുപ്പ്. പ്രദേശത്ത് ഇറങ്ങിയത് നാല് കടുവകളാണെന്നു വനം വകുപ്പ് സ്ഥിരീകരിച്ചു. ആറ് വളർത്തു മൃഗങ്ങളെ കടുവ കൊല്ലുകയും നിരവധി മൃഗങ്ങളെ ആക്രമിക്കുകയും ചെയ്തു.
പനവല്ലിയിൽ ഒരു അമ്മ കടുവയും രണ്ട് കുട്ടികളും മറ്റൊരു കടുവയുമുൾപ്പെടെ നാല് കടുവകളുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂണിൽ ഇവിടെ നിന്ന് പിടികൂടിയ കടുവയെ സമീപത്തെ ഉൾവനത്തിൽ തുറന്നു വിട്ടിരുന്നു. ആഴ്ചകളായി പ്രദേശത്തെ ഭീതിയിലാക്കിയ കടുവാ ശല്യത്തിന് പരിഹാരം കാണാൻ വനപാലകർക്കൊപ്പം നാട്ടുകാരും തിരച്ചിലിനിറങ്ങി.
കടുവയെ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് നാല് ക്യാമറകൾ സ്ഥാപിച്ചു. ഇതിനിടെ ആദണ്ഡയിലെ വാഴേപറമ്പിൽ കുര്യാച്ചന്റെ വളർത്തുനായയെ കടുവ കൂടുപൊളിച്ച് പിടികൂടാൻ ശ്രമിച്ചു.
പനവല്ലിയിൽ കടുവാ പ്രശ്നം രൂക്ഷമായതോടെ കുട്ടികളെ സ്കൂളിൽ വിടാൻ പോലും മാതാപിതാക്കൾ ഭയക്കുകയാണ്. കടുവയെ പേടിച്ച് തോട്ടങ്ങളിൽ ജോലിക്ക് പോകാൻ തൊഴിലാളികളും മടിക്കുന്നു. കാട്ടാന, കുരങ്ങ്, പുലി, കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്.