NationalNews

ഗുജറാത്ത് മോർബിയിൽ തൂക്കുപാലം തകർന്ന സ്ഥലം പ്രധാനമന്ത്രി സന്ദർശിക്കും,പാലം പുതുക്കി പണിതത് ടെണ്ടറില്ലാതെ

മുംബൈ : ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് ദുരന്തമുണ്ടായ സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശനം നടത്തും. പരിക്കേറ്റ് ചികിത്സയിലുള്ളവരെ നേരിൽ കാണാൻ സിവിൽ ആശുപത്രിയിലും അദ്ദേഹം എത്തിയേക്കും.പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന്‍റെ അവസാന ദിനമാണ് ഇന്ന്.ഇന്നലെ ഗുജറാത്ത് രാജ്ഭവനിൽ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നത തലയോഗം വിളിച്ച് ചേർത്തിരുന്നു.

പാലം പുതുക്കി പണിതത് ടെണ്ടറില്ലാതെ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴയ കേബിളുകൾ തന്നെ ഉപയോഗിച്ചെന്നും കണ്ടെത്തി .ദുരന്തത്തിൽ ഇതുവരെ 140 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. പാലത്തിൽ അറ്റകുറ്റപണി നടത്തിയ കമ്പനിയുടെ മാനേജർമാർ അടക്കം 9 പേരെ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.

മോർബി മുനിസിപ്പാലിറ്റി ഒറേവ എന്ന ഗുജറാത്ത് കമ്പനിക്ക് പാലം നവീകരിക്കാനുള്ള കരാർ നൽകിയത് ടെൻഡർ ക്ഷണിക്കാതെയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു.ഇതിന് പുറമെ പാലം പണി കഴിഞ്ഞ് തുറന്നുകൊടുക്കുന്നതിനെക്കുറിച്ച് ഒറേവ കമ്പനിക്കാർ അറിയിച്ചിരുന്നില്ലെന്ന് മുനിസിപ്പാലിറ്റി അധ്യക്ഷൻ സന്ദീപ്‌സിൻഹ് സാല പറഞ്ഞു.

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഒറേവ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഒറേവ കമ്പനിക്കാർ പാലത്തിന്റെ സാങ്കേതിക നവീകരണം ദേവ്പ്രകാശ് സൊലൂഷൻസ് എന്ന ചെറിയ നിർമ്മാണ കമ്പനിക്ക് കൈമാറിയിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.രണ്ടുകോടി രൂപയ്ക്ക് 100% പണികളും തീർത്തുവെന്നാണ് കഴിഞ്ഞയാഴ്ച പാലം തുറന്നുകൊടുക്കവെ ഒറേവ കമ്പനിയുടെ എംഡി ജയ്‌സുഖ്ഭായ് പട്ടേൽ പറഞ്ഞത്.

അതേസമയം കയറാവുന്നതിലും അധികം ആളുകളെ കയറ്റിയതിനാലാണ് പാലം തകർന്നതെന്നാണ് ഫൊറൻസിക് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. പാലത്തിന്റെ മെറ്റൽ സാംപിളുകൾ ശേഖരിച്ചു നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വെളിപ്പെട്ടത്. കൂടുതൽ ആളുകൾ എത്തിയപ്പോൾ അത് പാലത്തിന്റെ ഉറപ്പിനെ ബാധിച്ചു.

ഗുജറാത്തിൽ തൂക്കുപാലം തകർന്ന് ആളുകൾ മരിച്ച സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംസ്ഥാന സർക്കാർ. നൂറ്റാണ്ടുകളോളം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പാലം നവീകരണത്തിനായി അടച്ചിട്ടിരിക്കുകയായിരുന്നു. നാല് ദിവസം മുമ്പാണ് ഇത് പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തത്.  ഗാന്ധിനഗറിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ പടിഞ്ഞാറുള്ള മോർബി പട്ടണത്തിലെ പാലത്തിൽ അപകടസമയത്ത് 500ഓളം ആളുകൾ ഉണ്ടായിരുന്നു. അവരിൽ 100​​ഓളം പേർ മച്ചു നദിയിലേക്ക് വീണു.  

പാലം കഴിഞ്ഞയാഴ്ചയാണ് പുതുക്കി പണിതത്. സംഭവത്തിൽ ഞങ്ങളും ഞെട്ടിപ്പോയി,എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്,” സംസ്ഥാന തൊഴിൽ  മന്ത്രി ബ്രിജേഷ് മെർജ പ്രതികരിച്ചു. ഉന്നത ഉദ്യോ​ഗസ്ഥരെല്ലാം സംഭവസ്ഥലത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തകരും നാട്ടുകാരും അപകടത്തിലകപ്പെട്ടവരെ രക്ഷിക്കാൻ പാടുപെടുന്നതിനിടയിൽ നിരവധി ആളുകൾ തകർന്ന പാലത്തിന്റെ കൈവരികളിൽ പറ്റിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവന്നു. ഭാഗികമായി വെള്ളത്തിനടിയിലായ പാലത്തിൽ നിന്ന് രക്ഷപ്പെടാൻ പലരും നീന്തുന്നതും വീഡിയോകളിൽ കാണാം. മുങ്ങൽവിദ​ഗ്ധരെയും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചിട്ടുണ്ട്. 

 പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായും മറ്റ് ഉദ്യോഗസ്ഥരുമായും അദ്ദേഹം സംസാരിച്ചു. അപകടത്തിൽ  മരിച്ചവരിൽ ഏറെയും കുട്ടികളും പ്രായമേറിയവരുമാണെന്നാണ് വിവരം.  മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.  മോർബിയിലെ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് വൈകീട്ട് 6.30ഓടെ തകർന്നത്. നാട്ടുകാർ തുടങ്ങിയ രക്ഷാ ദൗത്യം പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളെത്തി ഏറ്റെടുക്കുകയായിരുന്നു. രാഷ്ട്രപതി അടക്കം നിരവധി പേർ ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker