കോട്ടയം: ചെങ്ങളത്ത് ഭര്‍ത്താവുമായി അകന്ന് ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടില്‍ രാത്രി എത്തിയ യുവാ വിനെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞ് വച്ച് പോലീസിനു കൈമാറി. സദാചാര പോലീസ് ചമഞ്ഞ് നാട്ടുകാര്‍ നടത്തിയ ഇടപെടല്‍ അക്ഷരാര്‍ത്ഥത്തില്‍ പോലീസിനു പുലിവാലായി. ഇരുവരെയും സ്റ്റേഷനില്‍ എത്തിച്ച പോലീസ്, പ്രായപൂര്‍ത്തിയായവരാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നു കേസെടുക്കാതെ വിട്ടയച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാലു വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയാണ് ചെങ്ങളം സ്വദേശിയായ യുവതി. ഇവരുടെ വീട്ടില്‍ സ്ഥിരമായി ആളുകള്‍ എത്തുന്നു എന്നായിരുന്നു നാട്ടുകാരുടെ ആക്ഷേപം. ഇതേ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി നാട്ടുകാര്‍ ‘സദാചാര പോലീസ്’ ചമഞ്ഞ് രംഗത്ത് എത്തിയത്. തുടര്‍ന്ന്, രാത്രിയില്‍ യുവതിയുടെ വീട്ടില്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ തടഞ്ഞു വച്ചു.
പിന്നീട് നാട്ടുകാര്‍ കുമരകം പോലീസിനെ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന്, പോലീസ് സംഘം സ്ഥലത്ത് എത്തി ഇരുവരെയും സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോയി. അയ്മനം സ്വദേശിയായ യുവതിയുടെ ഭര്‍ത്താവിന്റെ നിര്‍ദേശം അനുസരിച്ചാണ് നാട്ടുകാര്‍ ഇരുവരെയും പിടികൂടിയതെന്നു പ്രദേശവാസികള്‍ പോലീസിനോടു പറഞ്ഞു.
ഇരുവരെയും സ്റ്റേഷനില്‍ എത്തിച്ച ശേഷം പോലീസ് സംഘം രണ്ടു പേരോടും സംസാരിച്ചു. ഭര്‍ത്താവുമായി ചേര്‍ന്ന് താമസിക്കാന്‍ താല്പര്യമില്ലെന്ന് യുവതി പോലീസിനോടു പറഞ്ഞു. തുടര്‍ന്ന്, യുവതിയും ഭര്‍ത്താവും തമ്മില്‍ പരസ്പര സമ്മതത്തോടെ വിവാഹ ബന്ധം വേര്‍പിരിയാമെന്ന ഉറപ്പിന്മേല്‍ പോലീസ് മൂന്നു പേരെയും വിട്ടയച്ചു.