ശംഖുമുഖത്ത് ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം: പ്രതികളെ അതിവേഗം പിടികൂടി പോലീസ്

യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസ്; പൊലീസ് കസ്റ്റഡിയിൽ പ്രതി ആത്മ​ഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന സാംസ്‌കാരിക കേരളത്തിന് വീണ്ടും അപമാനമായി തലസ്ഥാന നഗരിയില്‍ സദാചാര ഗുണ്ടാ ആക്രമണം. ശംഖുമുഖം ബീച്ചില്‍ വിശ്രമിക്കാനിരുന്ന വിദ്യാര്‍ത്ഥികളെ സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ച പ്രതികളെ മിനിറ്റുകള്‍ക്കകം ശംഖുമുഖം പോലീസ് പിടികൂടി. ഗവ. ആയുര്‍വേദ കോളേജിലെ ഒന്നാം വര്‍ഷ ബി.എ.എം.എസ്. വിദ്യാര്‍ത്ഥികളായ സുഹൃത്തുക്കള്‍ക്ക് നേരെയാണ് ബീമാപള്ളി സ്വദേശികളായ റയീസ് (31), ഹസന്‍ (26) എന്നിവര്‍ അതിക്രമം കാട്ടിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ കണ്ണാന്തുറ തീരത്തിനടുത്തായിരുന്നു നാടിനെ നടുക്കിയ സംഭവം. ഞായറാഴ്ച രാത്രി ബിഹാറില്‍ നിന്ന് വിമാനമിറങ്ങിയ യുവതിയും സഹപാഠിയായ സുഹൃത്തും ബീച്ചിലെ മണല്‍പരപ്പില്‍ വിശ്രമിക്കുകയായിരുന്നു. ഈ സമയത്ത് സ്ഥലത്തെത്തിയ പ്രതികള്‍ സദാചാര പോലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥികളെ വിരട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിദ്യാര്‍ത്ഥിനിയുടെ ബാഗ് തട്ടിപ്പറിച്ച പ്രതികള്‍ അത് തുറന്നു പരിശോധിച്ചു. ബാഗ് തിരികെ ചോദിച്ചതോടെ വിദ്യാര്‍ത്ഥിനിയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്ത അക്രമികള്‍ വസ്ത്രം വലിച്ചൂരാന്‍ വരെ ശ്രമിച്ചുവെന്നത് സാംസ്‌കാരിക കേരളത്തെ ഞെട്ടിക്കുന്നതാണ്. തടയാനെത്തിയ അതിതോഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

ഭയന്നോടിയ വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായം തേടി. ശംഖുമുഖം പോലീസിന്റെ അതിവേഗത്തിലുള്ള ഇടപെടലാണ് പ്രതികളെ വലയിലാക്കിയത്. വിവരം ലഭിച്ചയുടന്‍ പട്രോളിംഗിലുണ്ടായിരുന്ന എസ്.ഐ.മാരായ ഓമനക്കുട്ടന്‍, ജിബിന്‍, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതികളെ കൈയോടെ പിടികൂടിയത്.

സ്ത്രീത്വത്തെ അപമാനിച്ചതിനും മര്‍ദ്ദനത്തിനും വലിയതുറ പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തില്‍ നടന്ന ഈ അതിക്രമം ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News