KeralaNews

മാസപ്പടി വിവാദം; ഇഡി പ്രാഥമിക പരിശോധന തുടങ്ങി; വീണ വിജയനും കമ്പനിയും അന്വേഷണ പരിധിയിൽ

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ ഇഡി പ്രാഥമിക പരിശോധന തുടങ്ങി. കൊച്ചി ഇഡി ഓഫിസിൽ ലഭിച്ച പരാതികളിൽ ആണ് പരിശോധന തുടങ്ങിയത്. ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പ് രേഖയിലുള്ള വ്യക്തികൾ, സ്ഥാപനം എന്നിവയ്ക്കെതിരെയാണ് അന്വേഷണം. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള കേസ് നിലനിൽക്കുമോ എന്ന് പരിശോധിക്കും. വീണ വിജയനും കമ്പനിയും അന്വേഷണ പരിധിയിലാണ്.

മാസപ്പടി വിവാദം ഒതുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മകൾ മാത്രമല്ല, പിണറായി വിജയനും പണം കൈപ്പറ്റിയിട്ടുണ്ട്. വലിയ അഴിമതിയാണ് നടന്നത്. നേരിട്ടുള്ള അഴിമതിയാണ്. ഇത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. 

വിഷയം സഭയിലുന്നയിക്കാൻ ചട്ടപ്രശ്നം ഉണ്ടെന്നാണ് വിഡി സതീശൻ പറഞ്ഞത്. അങ്ങനെയല്ലെന്ന് എകെ ബാലൻ പ്രതികരിച്ചു. ഇതിൽ നിന്നെല്ലാം വിഷയത്തിൽ കോൺഗ്രസ് സിപിഎമ്മുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയെന്ന് വ്യക്തമാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന് മുഖ്യമന്ത്രിയുടെ  പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പുനർജ്ജനി തട്ടിപ്പിൽ ഒരന്വേഷണവും നടക്കുന്നില്ല. ലൈഫ് മിഷനേക്കാൾ വലിയ തട്ടിപ്പാണ് പുനർജ്ജനിയിൽ  നടന്നത്. വിദേശത്ത് നിന്ന് പണം പിരിച്ച് വകമാറ്റുകയാണ് ചെയ്തിട്ടുള്ളത്. മറ്റ് കോൺഗ്രസ് നേതാക്കൾക്കെതിരെ എല്ലാം അന്വേഷണം നടക്കുന്നുണ്ട്.

എന്നാൽ പുനർജ്ജനി തട്ടിപ്പ് മാത്രം പൂഴ്ത്തിയത് എന്തിനാണ്? മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ മ്ലേച്ഛമായ കൂട്ട്കെട്ടാണ്. മാസപ്പടി വിവാദം ഒതുക്കിയത് സതീശനും കമ്പനിയുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മിത്ത് വിവാദത്തിൽ ബിജെപി പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് പ്രതിഷേധത്തിൽ നിന്ന് പിൻമാറിയെന്നതും ആരോപണം മാത്രമാണ്. സ്പീക്കർ എഎൻ ഷംസീർ പറഞ്ഞ കാര്യങ്ങൾ തീരുത്തണം. ഈ വിഷയത്തിലും കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button